വീടുനിറയെ സംഗീതോപകരണങ്ങളും അവയുടെ ശബ്ദങ്ങളുംകേട്ട് പിച്ചവെച്ചതായിരുന്നു രാജാമണിയുടെ ബാല്യം. കേള്‍ക്കുന്നതു മാത്രമല്ല കാണുന്നതുപോലും ശബ്ദമാണോയെന്നു തോന്നിയിരുന്ന നാളുകള്‍. അല്ലെങ്കില്‍ തന്നെ സംഗീതഞ്ജന്‍ ചിദംബരനാഥിന്റെ വീട്ടില്‍ ശബ്ദമല്ലാതെ മറ്റെന്താണുണ്ടാവുക. അങ്ങനെ സംഗീത സമുദ്രത്തില്‍ മുങ്ങി നിവര്‍ന്നൊരു ജീവിതം. എഞ്ചിനിയറായപ്പോഴും സംഗീതത്തിന്റെ എഞ്ചിനിയറിങ് ഉള്ളിലുള്ളതുകൊണ്ട് അതിലേക്കു തന്നെ മുഴുകി. അവിടന്നങ്ങോട്ട മരണംവരെ സംഗീതത്തിലെ രാജാമണിയായി.
പിതാവ് ചിദംബരനാഥ് സംഗീതം നല്കിയ ഗംഗയാറ് പിറക്കുന്നു…എന്നു തുടങ്ങുന്ന ആത്മീയതയുടെ ഉറവ ഒഴുകിയെത്തുന്ന ഗാനം രാജാമണിയാണ് റെക്കോര്‍ഡ് ചെയ്തത്. അന്ന് പതിമുന്ന് വയസ്. അവിടുന്നായിരുന്നു സംഗീതാരംഭം. പിന്നെയത് വന്‍ പ്രവാഹമായി നിരവധി സിനിമയുടെ രാജാങ്കണത്തിലൂടെ ഒഴുകുകയായിരുന്നു. വിവിധഭാഷകളിലായി നൂറുകണക്കിനു സിനിമകളുടെ പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് ആ മേഖലയിലെ രാജാവായിരിക്കെതന്നെയാണ് അദ്ദേഹത്തിന്റെ വേര്‍പാട്.
85ല്‍ നുള്ളിനോവിക്കാതെയിലൂടെ മലയാള സിനിമയിലെത്തിയ രാജാമണി അനവധി ഹിറ്റ് ഗാനങ്ങളുടെ ഉടമയാണ്. താരമേ,കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന, സ്വയം മറന്നുവോതുടങ്ങി മലയാളിയുടെ ഇഷ്ടഗാന പട്ടികയില്‍ രാജാമണിയുടെതായ സംഭാവനകള്‍ ഏറെയാണ്. വിവിധ ഭാഷകളില്‍ ഹിറ്റായ അനേകസിനിമകളുടെ പശ്ചാത്തലം നിര്‍വഹിച്ച രാജാമണി ആരംഗത്ത് തിളങ്ങുന്ന പ്രതിഭയായിരുന്നു. ഓരോ സീനിന്റെയും സന്ദര്‍ഭവും വികാരവും തൊട്ടറിഞ്ഞുള്ള മൂഡിലാണ് അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കിയത്.ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സംഗീത സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചതിന്റെ മുതല്ക്കൂട്ടാവാം ഈ പശ്ചാത്തലക്കാരനെ കൂടുതല്‍ കാലികനാക്കിയത്.
വലിയൊരു സൗഹൃദത്തിന്റെ നീണ്ട സഹായഹസ്തമുള്ള ചരിത്രവുംകൂടിയുണ്ടായിരുന്നു രാജാമണിക്ക്. അതുവഴി നിരവധി പേരെയാണ് അദ്ദേഹം സിനിമയില്‍ കൈപിടിച്ചുയര്‍ത്തിയിട്ടുള്ളത്. ഇന്നത്തെ പല വമ്പന്മാരും അങ്ങനെ വന്നവരാണ്. ഒരുപക്ഷേ അവരതു വെളിപ്പെടുത്തില്ലെങ്കിലും രാജാമണി ആഗ്രഹിച്ചില്ലെങ്കിലും പലര്‍ക്കും അറിയാവുന്ന സത്യം. സാമൂഹ്യ സാംസ്ക്കാരിക കലാരംഗങ്ങളില്‍ വലിയ സാനിധ്യമായതിനാലാണ് ഇത്തരം പരോപകാരം കഴിഞ്ഞത്. സംഗീതത്തിലെ ഗരിമ വ്യക്തി ജീവിതത്തിലും ഉണ്ടായിരുന്നു. സ്വയം മറക്കാതെ തന്നെ അനാവശ്യമായി ആരുടെ മുന്നിലും തലകുനിക്കാത്ത ആര്‍ജവം. സിനിമയുടെ അണിയറപ്പേരിലും പാട്ടിലും രാജാമണി നമ്മോടൊപ്പമുണ്ടാകുമെന്നതു തന്നെ എത്രവലിയ ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: