അട്ടപ്പാടി മേഖലയെ എന്നും ജലസമ്പുഷ്ടമാക്കി നിര്‍ത്തിയിരുന്ന ഭവാനിപ്പുഴ മുമ്പെങ്ങും കേട്ടു കേള്‍വിയില്ലാത്ത വിധം വറ്റി വരളുകയാണ്. പുഴയുടെ ഇരുകരകളിലുമായുള്ള ആദിവാസി ഊരുകളില്‍ ഇതുമൂലം സംജാതമായിരിക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ 40 കോടിയുടെ കുടിവെള്ള പദ്ധതിക്കാണ് തദ്ദേശ സ്ഥാപനങ്ങളും വാട്ടര്‍ അതോറിറ്റിയും ചേര്‍ന്ന് രൂപകല്പന ചെയ്തിരിക്കുന്നത്. ആദിവാസികള്‍ക്കെന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ചെലവഴിച്ചെന്നവകാശപ്പെടുന്ന ശതകോടികളുടെ കൂടെ ഇതും പാഴായിപ്പോവാനുള്ള സാധ്യതകളാണ് ഇവിടെ കാണുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഭവാനിപ്പുഴയില്‍ പലയിടങ്ങളിലായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ എഴുപത്തിയഞ്ചോളം ചെറുകിട കുടിവെള്ള പദ്ധതികളില്‍ ഏറിയ പങ്കും ജലദൗര്‍ലഭ്യം കാരണം പ്രവര്‍ത്തനരഹിതമായി കിടക്കുന്ന അവസ്ഥയില്‍ ഈ പുതിയ പദ്ധതിയുടെ സാംഗത്യം പോലും ജനം തള്ളിക്കളയുന്നു.
പുഴയില്‍ വെള്ളമില്ലാതെ ഇത്തരമൊരു പദ്ധതി എങ്ങനെ നടപ്പിലാക്കാനാവും എന്ന പ്രദേശവാസികളുടെ സംശയം തികച്ചും യുക്തിസഹമാണ്. പുഴ സംരക്ഷിക്കാതെ നീരൊഴുക്കുണ്ടാവാതെ എന്തു കുടിവെള്ളപദ്ധതി എന്നാണവര്‍ ചോദിക്കുന്നത്. പുഴ സംരക്ഷണത്തിന്റെ പേരില്‍ ഇതിന് മുമ്പ് കൊണ്ടു വന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിച്ച അലംഭാവമാണ് ജലസമൃദ്ധമായിരുന്ന ഭവാനിപ്പുഴയെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതെന്ന അവരുടെ ആരോപണങ്ങളും തള്ളിക്കളയാനാവുന്നതല്ല.
ഇവിടെ 2013ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സേവ് ഭവാനി, സേവ് അട്ടപ്പാടി പദ്ധതി ഇന്നും കടലാസില്‍ മാത്രമൊതുങ്ങിക്കിടക്കുകയാണ്. പുഴസംരക്ഷണം ലക്ഷ്യമാക്കി ആവിഷ്കരിച്ച ഈ പദ്ധതി യഥാസമയം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭവാനിപ്പുഴക്ക് ഇന്നത്തെ ദുര്യോഗം സംഭവിക്കില്ലായിരുന്നെന്നുറപ്പാണ്. പക്ഷെ, പുഴക്കരയിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ മരമാഫിയകള്ക്ക് എല്ലാ ഒത്താശയും നല്കി വന്നിരുന്ന വനം വകുപ്പുദ്യോഗസ്ഥരുടെയും പുഴയിലെ വെള്ളമൂറ്റിയെടുത്ത് കുപ്പി വെള്ള ബിസിനസ്സിലൂടെ വന്‍ ലാഭക്കൊയ്ത്ത് നടത്തുന്നവരുടെയുമൊക്കെ അവിഹിത ഇടപെടലുകളാണ് പദ്ധതി നടത്തിപ്പിന് വിഘാതമായതെന്നാണ് അട്ടപ്പാടിക്കാര്‍ ഉറച്ചു വിശ്വസിക്കുന്നത്.
അട്ടപ്പാടിക്ക് വേണ്ടി ഇതിനു മുമ്പും പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. പലതും നടപ്പിലാക്കിയതായി കടലാസുകളില്‍ രേഖകളുമുണ്ട്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ മുഴുവന്‍ ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ഒതുങ്ങിപ്പോയ ചരിത്രമാണ് ഈ മലയോരമേഖലക്കുള്ളത്. ആദിവാസികളടക്കുമുള്ള പ്രദേശവാസികള്‍ക്ക് ഇന്നും കുമ്പിളില്‍ തന്നെയാണ് കഞ്ഞി എന്നത് ഇവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോദ്ധ്യപ്പെടുന്ന വസ്തുതയാണ്. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി വെള്ളം വറ്റിക്കിടക്കുന്ന പുഴയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പിന്നിലും വന്‍ അഴിമതിക്കുള്ള ഒരുക്കങ്ങളാണ് നമുക്ക് ദര്‍ശിക്കാനാവുന്നത്.
പുഴസംരക്ഷണത്തിനായി മുമ്പ് ആവിഷ്കരിച്ച സേവ് ഭവാനി പദ്ധതി നടപ്പാക്കിയതിന് ശേഷം മാത്രം മതി നിര്‍ദിഷ്ട കുടിവെള്ള പദ്ധതി. കൂട്ടത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മറ്റു ബദല്‍ സംവിധാനങ്ങള്‍ ഇവിടെ അടിയന്തരമായി നടപ്പിലാക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: