ന്യൂദല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയില്‍ പാക്കിസ്ഥാനില്‍ സമ്മിശ്ര പ്രതികരണം. എന്നാല്‍, എല്ലാവര്ക്കും ഒരു കാര്യത്തില്‍ യോജിപ്പ്, സര്‍ക്കാരാണ് സ്ഥിതിക്ക് ഉത്തരവാദി. അതിനിടെ, തുടര്‍വാദത്തിന് പുതിയ വക്കീലന്മാരെ നിയോഗിക്കാനും പാക്കിസ്ഥാന് ഒരുങ്ങുന്നു. വിധി പാക്കിസ്ഥാന് അനുസരിക്കില്ലെന്ന സംശയത്തില്‍ ഇന്ത്യ, യുഎന്നിനെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ട്.
കുല്‍ഭൂഷണിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാത്ത പാക് നടപടിയാണ് ഒരു വിഭാഗത്തെ സര്‍ക്കാരിനെതിരെ തിരിച്ചത്. 16 തവണയാണ് ഇന്ത്യ അപേക്ഷ നല്‍കിയത്. ഇന്ത്യയുടെ ആവശ്യം അംഗീകരിക്കണമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാരിന് ആരാണ് ഉപദേശം നല്‍കുന്നതെന്നാണ് അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ അസ്മ ജഹാംഗീര്‍ ചോദിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ അനുവദിക്കണമായിരുന്നുവെന്ന് അഭിഭാഷകന് യാസിര്‍ ലത്തീഫ് ഹംദാനിയും പറഞ്ഞു.
അന്താരാഷ്ട്ര കോടതിയില്‍ കേസ് ഇനി പരിഗണിക്കുമ്പോള്‍ ഹാജരാകാന്‍ അഭിഭാഷകരുടെ പാനല്‍ രൂപീകരിക്കാനാണ് പാക്കിസ്ഥാന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, വിധി അംഗീകരിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം അഭിഭാഷകരും പ്രതിപക്ഷവും പറയുന്നു. കോടതി നടപടികളില്‍ പങ്കെടുക്കേണ്ടിയിരുന്നില്ലെന്നാണ് ഇവരുടെ വാദം. വിധി സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന ആരോപണവുമായി പ്രതിപക്ഷം പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ രംഗത്തെത്തി.
കോടതി വിധി പാക്കിസ്ഥാന് അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യ യുഎന്നിനെ സമീപിക്കാന്‍ സാധ്യതയെന്നു ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നിയമ വിദഗ്ധരാണ് രംഗത്തെത്തിയത്. അതേസമയം, പാക്കിസ്ഥാന് വിധി അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ ദല്‍ഹിയില്‍ പറഞ്ഞു. അന്തിമ വിധി വന്നിട്ടില്ലെങ്കിലും കുല്ഭൂഷണ് സുരക്ഷിതനായിരിക്കുമെന്നാണ് വിശ്വാസം, അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: