ഭാരതത്തിന്റെ വ്യവസായ മേഖലക്ക് ടാറ്റയുടെ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ ചെറുതല്ല. കേവലം വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുകയല്ല ജാംഷെഡ്ജി ടാറ്റ ചെയ്തത്. അദ്ദേഹത്തിന്റെ കാഴ്ച്ചപാടിന്റെ, ദേശീയ വീക്ഷണത്തിന്റെ സാക്ഷാത്കാരങ്ങൾ ആയിരുന്നു മിക്കതും. രാഷ്ട്രത്തിന്റെ ആവശ്യത്തെ തൊട്ടറിഞ്ഞുള്ള മേഖലകളിൽ അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ദേശീയവീക്ഷണത്തോടെ ഓരോ പ്രോജക്റ്റും രൂപപെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമികൾകാണ് അതെല്ലാം തന്നെ പൂർത്തീകരിക്കാനുള്ള നിയോഗമുണ്ടായത്.
പിതാവിന്റെ കയറ്റുമതി വ്യാപാരത്തിൽ സഹായിച്ചുകൊണ്ടിരുന്ന ജാംഷെഡ്ജി ടാറ്റ ഇരുപത്തി ഒൻപതാം വയസ്സിലാണ് സ്വന്തമായി വ്യവസായത്തിലേക്ക് കാലൂന്നിയത്. 21000 രൂപ മൂലധനവുമായി കടക്കെണിയിലായ ഒരു ഓയിൽ മിൽ ഏറ്റെടുത്തു കൊണ്ടായിരുന്നു തുടക്കം. ഓയിൽ മിൽ അദ്ദേഹം കോട്ടണ്‍ മില്ലാക്കി മാറ്റി. ഇത് പിന്നീട് വർദ്ധിച്ച ലാഭത്തിനു ഒരു പരുത്തി വ്യവസായിക്കു മറിച്ചു വിറ്റു . ഇന്ന് ഭാരത്തിന്റെ വ്യവസായ ഭൂപടത്തിൽ കൈമുദ്ര പതിപ്പിച്ച ടാറ്റ യുടെ തുടക്കം അവിടെ തുടങ്ങി.
1893 ൽ ജപ്പാനിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ജാംഷഡ്ജി ടാറ്റ വിവേകാനന്ദ സ്വാമികളെ കണ്ടു മുട്ടി. ഒരു സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ ഉള്ള സാങ്കേതിക വിദ്യ തേടിയാണ് തന്റെ യാത്രയെന്ന് ജാംഷഡ്ജി ടാറ്റ സ്വാമിജിയെ അറിയിച്ചു. പാശ്ചാത്യരുടെ സാങ്കേതിക വിദ്യയും പൗരസ്ത്യരുടെ ആത്മീയതയും പരസ്പരം കൈമാറ്റം ചെയ്യപ്പെടണം എന്നും ശാസ്ത്ര പഠനത്തിനു ഭാരതത്തിൽ സ്ഥാപനങ്ങൾ ഉണ്ടാകണമെന്നും സ്വാമിജി അഭിപ്രായപെട്ടു. സ്വദേശി ശാസ്ത്ര വികസനത്തിന് ഊന്നൽ നല്‍കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സ്വാമിജി സംസാരിച്ചു. ഈ കൂടികാഴ്ചയാണ് IIS ന്റെ സ്ഥാപനത്തിന് വഴി വച്ചത്.
1898 ൽ ഇത്തരം ഒരു സ്ഥാപനം പ്രാവർത്തികമാക്കുന്നതിനെ കുറിച്ച് ടാറ്റ സ്വാമിജിക്ക് കത്തെഴുതി. സ്വാമിജി അതിന്റെ തുടർ പ്രവർത്തനങ്ങൾക്കായി സിസ്റ്റർ നിവേദിതയെ ചുമതലപെടുത്തിയെന്നും എന്നാൽ ബ്രിടീഷ് സർക്കാറിന്റെ ഇടപെടൽ കാരണം അത്തരം പ്രവർത്തനങ്ങൾ മുന്നോട്ടു പോയില്ല. പിന്നീട് ടാറ്റ സ്വന്തമായി തന്നെ ഈ പ്രോജക്റ്റുമായി മുൻപോട്ടു പോയി. മൈസൂർ രാജാവായിരുന്ന കൃഷ്ണ രാജ വാഡിയാർ 371 ഏക്കർ സ്ഥലം ഈ പ്രോജക്ടിന് വേണ്ടി ദാനം ചെയ്തു. ആവശ്യമായ കെട്ടിടങ്ങൾ എല്ലാം തന്നെ ടാറ്റ നിര്‍മിക്കുകയുണ്ടായി. ജാംഷെഡ്ജി ടാറ്റയുടെ മരണത്തിനു ശേഷം 1909 ൽ ആണ് IIS പ്രവർത്തനം തുടങ്ങിയത്.
തന്റെ ഒരു വിദേശ സുഹൃത്തിനെയും കൂട്ടി മുംബയിലെ തന്നെ വാട്സണ് ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിക്കാനെത്തിയ ടാറ്റയെ വിദേശിയല്ല എന്നതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർ തടഞ്ഞു. വാട്സണ് അന്ന് വിദേശീയർക്കു മാത്രമേ ആദിത്യമരുളിയിരുന്നുള്ളൂ. വിദേശീയരെ ആകർഷിക്കുന്ന തരത്തിലുള്ള ഒരു ഹോട്ടൽ നിർമ്മിക്കണമെന്നു അദ്ദേഹത്തിന് തോന്നി തുടങ്ങിയത് അവിടം മുതൽക്കാണ്. ( ഈ സംഭവത്തെ നിരാകരിക്കുന്ന വാദഗതികളും നിലവിലുണ്ട്.). എന്തായാലും ഭാരതത്തിലെ അന്നത്തെ കാലത്തെ ഏറ്റവും നല്ല ലക്ഷ്വറി ഹോട്ടുകളിൽ ഒന്ന് 1903 ൽ ഭാരതീയർക്കും വൈദേശികര്ക്കുമായി ആതിഥ്യമര്യാദയുടെ പുതിയ വാതിലുകൾ തുറന്നു. ടാറ്റക്ക് പ്രവേശനം നിഷേധിച്ച വാട്സണ് 1963 ൽ അടച്ചു പൂട്ടി.
ഇരുമ്പുരുക്ക് നിര്‍മാണ രംഗത്ത് ബ്രിട്ടന്റെ മേധാവിത്വം നിലനില്‍ക്കുന്ന കാലയളവിലാണ് ടാറ്റ ഭാരതത്തിൽ തദ്ദേശീയമായ രീതിയിൽ ഇരുമ്പുരുക്ക് നിർമാണം നടത്തുക എന്ന ലക്ഷ്യവുമായി ഇറങ്ങിയത്. 1901 ൽ തന്നെ നിർമാണം ആരംഭിച്ചുവെങ്കിലും 1906 ലാണ് ടാറ്റ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി നിലവിൽ വന്നത്. ഇതിനെല്ലാം പുറമേ വൈദ്യുതോൽപാദന മേഖലയിലും ടാറ്റ തന്റേതായ മുദ്ര ചാർത്തി . ഭാരതത്തിന്റെ വൻകിട വ്യവസായ മേഖലക്ക് തുടക്കം കുറിച്ച ജാം ഷെഡ്ജി ടാറ്റ 1904 മെയ് 19 നു ജർമനിയിൽ വച്ച് അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: