മനുഷ്യജീവിതത്തില്‍ ,ആഗ്രഹിക്കുന്ന അതെ മാര്‍ഗത്തില്‍ ,എല്ലാം നേടാന്‍ കഴിയുന്നവര്‍ വളരെ അപൂര്‍വമാണ്.ഒരുപാട് ആഗ്രഹിച്ച് ,പ്രയത്നിച്ച് ,തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട് കഴിയുമ്പോള്‍ ,എന്തിനായിരുന്നു ഇതൊക്കെ എന്ന് നിശബ്ദമായി വിലപിക്കുന്നവരും ധാരാളമുണ്ട്… ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ച് ,ജീവിതം പരാജയമാകുന്ന ദമ്പതികള്‍ ,എത്ര വേണമെങ്കിലും ഉണ്ട് നമുക്ക് ചുറ്റും ….അതായത് ,സ്വപ്നങ്ങളും ആഗ്രഹങ്ങളും അവിടെ എത്തിച്ചെരലുമൊന്നുമല്ല യഥാര്‍ഥ വിജയം എന്നത് വല്ലാത്തൊരു സങ്കീര്‍ണമായ യാഥാര്‍ഥ്യമാണ്…
താന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു ചുറ്റുപാടില്‍ ,നിറഞ്ഞ യൗവ്വനത്തിലെ നിറപ്പകിട്ടാര്‍ന്ന സ്വപ്നങ്ങളെ മുഴുവന്‍ ബലമായി ഉപേക്ഷിച്ച് ,ഗ്രാമീണ ഭാരതത്തിന്റെ ചൂടും ചൂരുമണിഞ്ഞ ദരിദ്ര യാഥാര്‍ഥ്യങ്ങളിലേക്ക് പറിച്ച് നടപ്പെട്ട ഒരു ചെറുപ്പക്കാരന്…അയാള്‍, ഒരു മഹാ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ അന്തരീക്ഷത്തെ തന്നെ മാറ്റിമറിച്ച ഒരു മഹാവിപ്ലവത്തിന്റെ അമരക്കാരനാകുന്ന കാഴ്ച, ഒരു പക്ഷേ ലോകചരിത്രത്തില്‍ ത്തന്നെ വളരെ അപൂര്‍വമായിരിക്കും …അതാണ് വര്‍ഗീസ് കുര്യന് സാറിന്റെയും ,ധവളവിപ്ലവത്തിന്റെയും ,അമുല്‍ എന്ന ഹിമാലയ തുല്യമായ ഇന്ത്യന്‍ ബ്രാന്ഡിന്റെയും കഥ ….
കോഴിക്കോട്ടെ സമ്പന്നമായ ലത്തീന്‍ കത്തോലിക്ക കുടുംബത്തില്‍ ജനിച്ച കുര്യന്റെ മോഹം ,പഠിച്ച് നല്ലൊരു ന്യൂക്ലിയര്‍ എഞ്ചിനിയറൊ മെറ്റലര്ജിസ്റ്റൊ ആകാനായിരുന്നു. മദ്രാസ് , ഗിണ്ടി എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് നല്ല നിലയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് കഴിയുമ്പോഴും, ജംഷദ്പൂരിലെ ടാറ്റാ സ്റ്റീലില്‍ അപ്പ്രന്റീസായി ചേരുമ്പോഴും തന്റെ ലക്ഷ്യത്തിലെക്കടുക്കുന്നു എന്ന് തന്നെയായിരുന്നു അദ്ദേഹം കരുതിയത് …ടിസ്കോ ,ഗവേണിംഗ് കമ്മിറ്റിയിലെ ,അദ്ദേഹത്തിന്റെ മാതുലന് ,ഉഗ്രപ്രതാപിയായ ജോണ്‍ മത്തായി ,അനിന്തിരവനെ കാണാന്‍ വരുന്നത് വരെ .അതോടെ ,സഹപാഠികളും ,മേലുദ്യോഗസ്ഥരും വരെ കുര്യനോട് താഴ്മയായും ഭയത്തോടയും പെരുമാറാന്‍ തുടങ്ങി .ജോണ്‍ മത്തായിയുടെ മരുമകന് നാളെ തങ്ങളുടെ ബോസ്സാണ് എന്ന രീതിയിലായിരുന്നു എല്ലാ പെരുമാറ്റവും .ഇതോടെ ആത്മാഭിമാനം കളങ്കപ്പെട്ട വേദനയില്‍ ,ആ കാലഘട്ടത്തിലെ ഏതു ചെറുപ്പക്കാരും കൊതിക്കുന്ന ടാറ്റായിലെ എഞ്ചിനിയര്‍ പണി ആ ഇരുപത്തിയൊന്നുകാരന് വലിച്ചെറിഞ്ഞു.
മാതുലന്റെ ഉഗ്ര ശാസനം പോലും അവഗണിച്ച് ,ഒരു സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നേടി ,അമേരിക്കയില്‍ ഉപരിപഠനം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു …മെറ്റലര്ജിയിലൊ ,ന്യൂക്ലിയര്‍ എഞ്ചിനിയരിംഗിലൊ ഉപരിപഠനം നടത്താനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും ,സ്കോളര്‍ഷിപ്പ് അനുവദിക്കപ്പെട്ടത് ഡയറി എഞ്ചിനിയരിംഗിനു .ഒരു പശുവിനെ ശരിക്കും കണ്ടിട്ടില്ലാത്ത ,പാല് ഉപയോഗിക്കാത്ത കുര്യന് അത് സ്വീകരിക്കുകയെ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
എങ്കിലും ,അമേരിക്കയില്‍ ചിലവഴിച്ച സന്തോഷകരമായ നാളുകളില്‍, തന്റെ ഇഷ്ട വിഷയങ്ങളായ മെറ്റലര്‍ജിയും ന്യൂക്ലിയര്‍ എഞ്ചിനിയറിംഗും തന്നെ അദ്ദേഹം പഠിച്ചു .സ്കോളര്‍ഷിപ്പ് തന്ന സര്‍ക്കാരിനെ തൃപ്തിപ്പെടുത്താന്‍ ഡയറി എഞ്ചിനിയറിംഗില്‍ ഒരു ഡിപ്ലോമയും പഠിച്ചു .സമര്‍ഥനായ കുര്യന്,പ്രശസ്തമായ രീതിയില്‍ തന്നെ പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുമ്പൊഴെക്കും ബ്രിട്ടീഷുകാര്‍ നാട് വിട്ടിരുന്നു.പോയപ്പോള്‍ ഒന്നായിരുന്ന ഭാരതഖണ്ഡം ,രണ്ട് ശത്രുരാജ്യങ്ങളായി മാറിയിരുന്നു.പെട്രോളിയം മേഖലയിലോ ആണവവകുപ്പിലോ നല്ല ഒരു ജോലി പ്രതീക്ഷിച്ചെത്തിയ കുര്യനെ സര്‍ക്കാര്‍ അയച്ചത് ആനന്ദ് എന്ന ഗുജറാത്തിലെ ചെറുപട്ടണത്തില്‍ ,ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ച് പോയ ഒരു തുരുമ്പിച്ച വെണ്ണ ഫാക്ടറിയിലേക്ക്.
നിരാശയും ദേഷ്യവും എല്ലാം കൊണ്ട് വിങ്ങിപ്പൊട്ടിയ കുര്യനെ മാതുലനായ ജോണ്‍ മത്തായിയും കൈയ്യൊഴിഞ്ഞു. അദ്ദേഹം അപ്പോഴേക്കും നെഹ്റു മന്ത്രിസഭയിലെ ,പ്രതാപിയായ ധനകാര്യ മന്ത്രിയായി കഴിഞ്ഞിരുന്നു …തന്നെ അനുസരിക്കാതെ ,ടാറ്റയിലെ ജോലി ഉപേക്ഷിച്ച ധിക്കാരിയായ മരുമകനോട് ” നിന്റെ കിടക്ക നീ വിരിച്ച് കഴിഞ്ഞു ,ഇനി അതില്‍ കിടന്നേ മതിയാകൂ ‘ എന്നാണ് ജോണ്‍ മത്തായി പറഞ്ഞത് .യൂണിയന് കാര്ബൈഡിലോ, ഇന്ത്യന്‍ ഓയിലിലോ ഒക്കെ ചേര്‍ന്ന് ,ഉയര്‍ന്ന വരുമാനവും ,ആഡംബര പൂര്‍ണമായ പദവിയും ജീവിതവുമെല്ലാം സ്വപ്നം കണ്ടിരുന്ന ആ ചെറുപ്പക്കാരന് ,അങ്ങിനെ 1949 മെയ് 13 ലെ പൊടി പിടിച്ച സാഹാഹ്നത്തില്‍ ,ആനന്ദ് എന്ന ചെറിയ ഗുജറാത്തി പട്ടണത്തിലെ എരുമച്ചാണകം മണക്കുന്ന റയില്‍ സ്റ്റെഷനില്‍ തീവണ്ടിയിറങ്ങി.താമസം തകിട് കൊണ്ട് തട്ടിക്കൂട്ടിയ ഒരു ഷെഡില്‍ .പക്ഷേ അത് ,ഒരു കൊടുങ്കാറ്റിന്റെ കേന്ദ്രബിന്ദുവാകും എന്ന് ആരുമന്നറിഞ്ഞില്ല.
ആനന്ദില്‍ വന്ന ആദ്യനാളുകളില്‍ കുര്യന് പ്രത്യേകിച്ച് ഒരു പണിയുമുണ്ടായിരുന്നില്ല .ഫാക്ടറിയിലെ തുരുമ്പിച്ച യന്ത്രങ്ങളോട് മല്ലടിച്ച് സമയം കളയുക ,ചീട്ട് കളിക്കുക ,അങ്ങിനെയങ്ങിനെ ദിവസങ്ങള്‍ പോയി .പ്രധാന ഹോബി ,തുടര്‍ച്ചയായി രാജിക്കത്ത് അയക്കുക .രാജിക്കത്തുകള്‍ ,തുടര്‍ച്ചയായിത്തന്നെ നിരസിക്കപ്പെട്ടു കൊണ്ടുമിരുന്നു …സര്‍ക്കാര്‍ ,തന്റെ വിദേശ പഠനത്തിനു മുടക്കിയ 30000 രൂപ എന്ന കെണിയില്‍ പെട്ട് പോയത് കൊണ്ട് , ജീവിത സ്വപ്നങ്ങളെ മുഴുവന്‍ ആ യുവാവ് ആനന്ദില്‍ തന്നെ കുഴിച്ച് മൂടി ….
അന്ന് ആനന്ദ് ഉള്‍പ്പെടുന്ന കെയ്റ ജില്ലയിലെ ക്ഷീരകര്‍ഷകരുടെ അവസ്ഥ പരിതാപകരമായിരുന്നു….ബോംബെയിലെ ,പോള്സണ്് ഡയറിക്കായിരുന്നു കെയ്റയിലെ പാല്സംഭരണത്തിന്റെ അവകാശം.അവരുടെയും, ഇടനിലക്കാരുടെയും എല്ലാം കൊള്ള കഴിഞ്ഞ് ,കര്‍ഷകര്‍ക്ക് കിട്ടുന്നത് തുച്ഛമായ വരുമാനം …മാത്രവുമല്ല ,ശീതകാലത്ത് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന പാല് വാങ്ങാന്‍ അവര്‍ തയ്യാറുമായിരുന്നില്ല.അതുമല്ല, ആവശ്യത്തിനു പാല് ഇവിടെ ലഭ്യമായിരിക്കെ ,ന്യൂസിലാന്റില്‍ നിന്നും പാല്‍പ്പൊടി ഇറക്കുമതി ചെയ്ത് ഭീമമായ അഴിമതിയും നടമാടിയിരുന്നു.സര്‍ദാര്‍ പട്ടേലിന്റെ വലംകൈയ്യും ,പ്രമുഖ സ്വാതന്ത്ര്യ സമര പോരാളിയുമൊക്കയായിരുന്ന ത്രിഭുവന്‍ദാസ് പട്ടേലിന്റെയും, മൊറാര്‍ജി ദേശായിയുടേയും നേതൃത്വത്തില്‍ ,ഈ പ്രശ്നത്തിനു പരിഹാരം കാണാന്‍ ഒരു വന്‍ പ്രക്ഷോഭം ആരംഭിച്ചു …പോള്‍സണ്‍ കൊടുക്കാതെ ,കര്‍ഷകര്‍ സംഭരിക്കുന്ന പാല് മുഴുവന്‍ ആനന്ദിലെ ഓടകളില്‍ ഒഴുക്കി.ആവശ്യത്തിനു പാല് ലഭിക്കാതെ അവസാനം പോള്‍സണ്‍ കീഴടങ്ങി .പക്ഷെ ഇത് കൊണ്ടും പ്രശ്നങ്ങള്‍ അവസാനിച്ചില്ല
.കര്‍ഷകരുടെ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ ,പാല് സംഭരണവും സംസ്കരണവും വിപണനവും നടന്നാല്‍ മാത്രമേ ചൂഷണത്തില്‍ നിന്നും എന്നന്നേക്കുമായി രക്ഷപെടാന്‍ കഴിയൂ എന്നതായിരുന്നു അവസ്ഥ.അങ്ങിനെ ,ത്രിഭുവന്‍ദാസ് ചെയര്‍മാനായി KDCMPU (Keyra Ditsrict co operative Milk Producers Union ) നിലവില്‍ വന്നു .കുര്യന് ജോലി ചെയ്തിരുന്നു എന്ന് സങ്കല്പിക്കപ്പെട്ട വെണ്ണക്കമ്പനി ,സഹകരണ സംഘത്തിനു കൈമാറപ്പെട്ടു.പക്ഷെ ,അവിടുത്തെ പഴകി ദ്രവിച്ച യന്ത്രങ്ങള്‍ കൊണ്ട് ,സഹകരണ സംഘത്തിനു മുന്‍പോട്ടു പോകാന്‍ കഴിയില്ല, പുതിയ പ്ലേറ്റ് പാശ്ചറൈസര് വാങ്ങാതെ രക്ഷയില്ല എന്ന് തീരുമാനിക്കപ്പെട്ടു .കടം വാങ്ങിയ 40000 രൂപ കുര്യനെ ഏല്പിച്ച് ,ത്രിഭുവാന് ദാസ് പുതിയ പാഷ്ചരൈസര് വാങ്ങാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ബോംബെയില്‍ ചെന്ന് മെഷീന് ഓര്‍ഡര്‍ നല്കി ,ആനന്ദിലെത്തിയപ്പൊഴെക്കും , കാത്തുകാത്തിരുന്ന ആ സന്തോഷ വാര്‍ത്ത കുര്യനെ തേടിയെത്തി ….തന്റെ രാജിക്കത്ത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു.
പക്ഷെ , ഒരു വിദഗ്ദ്ധ എഞ്ചിനിയറുടെ സഹായമില്ലാതെ പുതിയ യന്ത്രം പ്രവര്ത്തിപ്പിക്കനാകില്ല എന്ന് തിരിച്ചറിഞ്ഞ ത്രിഭുവന്‍ദാസിന്റെ അഭ്യര്‍ഥനപ്രകാരം ,പാശ്ചറൈസര് സ്ഥാപിച്ച് ,മറ്റുള്ളവരെ പഠിപ്പിക്കുന്നത് വരെ,രണ്ട് മാസം കൂടി ആനന്ദില്‍ തുടരാന്‍ കുര്യന് സമ്മതിച്ചു…ആ രണ്ട് മാസം ഒരിക്കലുമെത്തിയില്ല …ആ രണ്ട് മാസം , വര്‍ഷങ്ങളും പതിറ്റാണ്ടുകളും,ചരിത്രവും ,ഇതിഹാസവുമൊക്കയായി സ്വതന്ത്ര ഭാരതത്തെ ചൂഴ്ന്ന് നില്‍ക്കുന്നതാണ് പില്ക്കാലം കണ്ടത് ….
ജനറല്‍ മാനേജരായി ചുമതലയെറ്റ കുര്യന് സാറിന്റെ നേതൃത്വത്തില്‍ ,KDCMPU അതിവേഗം വളര്‍ന്നു …പിന്നീടുണ്ടായ വെല്ലുവിളി, ശീതകാലത്ത് ഉത്പാദിപ്പിക്കപെടുന്ന അധികമായ പാല് എങ്ങിനെ സൂക്ഷിക്കും എന്നതായിരുന്നു,പാല്‍പൊടിയാക്കി സൂക്ഷിക്കുക എന്നതെ ഉള്ളു മാര്‍ഗം …പക്ഷെ കൊഴുപ്പ് കൂടിയ എരുമപ്പാല് പാല്‍പ്പൊടിയാക്കാന്‍ അന്ന് വരെ കഴിഞ്ഞിട്ടില്ല.എരുമപ്പാലിന്റെ രാസഘടന, പൊടിയാക്കിമാറ്റാന് കഴിയുന്നതല്ല എന്നാണു വിഖ്യാതരായ ഡയറി ശാസ്ത്രജ്ഞര്‍ തന്നെ അസന്നിഗ്ദ്ധമായി സ്ഥിരീകരിച്ചത്.സഹകരണ സംഘത്തിനു കിട്ടുന്ന പാല് ഏറെയും ,എരുമാപ്പാലായതിനാല് ഇത് ചെയ്തില്ലങ്കില്‍ ,സംഘം തകരും എന്നത് ഉറപ്പായിരുന്നു.കുര്യനും ,അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഹരിച്ചന്ദ് ഡയാലയും കൂടി ഈ വെല്ലുവിളി എറ്റെടുത്തു.അങ്ങിനെ ,ലോകത്തെ തന്നെ അമ്പരപ്പിച്ച് ,ആദ്യമായി എരുമപ്പാലില് നിന്ന് പാല്‍പ്പൊടി ഉണ്ടാക്കി.
പിന്നീട് സഹകരണ സംഘത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.ക്രമേണ ,ആനന്ദ് എന്ന ഉറക്കം തൂങ്ങി പട്ടണം ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നു.പാലുത്പന്നങ്ങള്‍ വിപണം ചെയ്യാനാവശ്യമായ മറ്റൊരു വിഭാഗം കൂടി തുടങ്ങാന്‍ തീരുമാനിച്ചു ….അങ്ങിനെ ,ഭാരതത്തിന്റെ എറ്റവും Trusted brand എന്ന് വിശേഷിപ്പിക്കാവുന്ന അമുല്‍ പിറന്നു …ചുവന്ന പൂക്കളുള്ള ,വെള്ള ഫ്രോക്കിട്ട പെണ്‍കുട്ടി ,അമുലിന്റെ ലോഗോയുടെ രൂപത്തില്‍ ,ഇന്ത്യന്‍ കുടുംബങ്ങളുടെ ഓമനയായി ഇന്നും ഗ്രാമഗ്രാമാന്തരങ്ങളില്‍ പൂമ്പാറ്റയെപ്പോലെ പാറി നടക്കുന്നു ….
അമുലിന്റെയും ,കുര്യന്റെയും ഈ വിജയഗാഥയില്‍ ആകൃഷ്ടനായ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി 1964 ല്‍ ആനന്ദ് സന്ദര്‍ശിച്ചു …കുര്യന് സര് പ്രധാനമന്ത്രിക്ക് താമസമൊരുക്കിയത് ഒരു കര്‍ഷകന്റെ വീട്ടില്‍.കര്‍ഷകരുടെ ജീവിതവും ,രീതികളും അടുത്ത് നിന്ന് കണ്ട ശാസ്ത്രിജി അവിടെ വെച്ചാണ് ,ജയ് ജവാന് ,ജയ് കിസാന്‍ എന്ന വിഖ്യാതമായ മുദ്രാവാക്യം രൂപപ്പെടുത്തിയത്.ആനന്ദില്‍ നിന്ന് മടങ്ങുമ്പോള്‍ മറ്റൊരു ചരിത്ര ദൗത്യം കൂടി ,ശാസ്ത്രിജി ,കുര്യന് സാറിനെ എല്പിച്ചു.ഈ മാതൃക ദേശീയ തലത്തില്‍ വ്യാപിപ്പിക്കുക.
ധവള വിപ്ലവം
ശാസ്ത്രിജിയുടെ ആനന്ദ് സന്ദര്‍ശനത്തിനു പിന്നാലെ ,അദ്ദേഹത്തിന്റെ സ്വപ്നം എങ്ങിനെ സാക്ഷാത്കരിക്കണം എന്ന് തിരക്കിട്ട കൂടിയാലോചനകള്‍ നടന്നു.അങ്ങിനെ One Billion Ltire എന്ന ദൗത്യം തീരുമാനിച്ചു …പൂര്‍ണമായി സ്വയംഭരണാധികാരമുള്ള NDDB (Natinal Diary Devalopment Board ) സ്ഥാപിക്കണമെന്നും ,അതിന്റെ ആസ്ഥാനം ആനന്ദ് തന്നെ ആയിരിക്കണമെന്നും കുര്യന് സര് നിഷ്കര്‍ഷിച്ചു.ഒരു എതിര്‍പ്പുമില്ലാതെ ശാസ്ത്രിജി അത് അംഗീകരിക്കുകയും ചെയ്തു.ഒരു ഓണം കേറാമൂലയിലെ ,ഏതോ ഒരു എഞ്ചിനിയരുടെ വാക്കുകള്‍ക്ക് പ്രധാനമന്ത്രി വഴങ്ങുന്നത് ദല്‍ഹിയിലെ ഉദ്യൊഗസ്ഥ പ്രതാപികള്‍ക്ക് രുചിച്ചില്ല .അവര്‍ ആവുന്നത്ര രീതിയില്‍ പാരകള്‍ വെച്ചു.പദ്ധതി ഉപേക്ഷിക്കണ്ടി വരുമോ എന്ന് പോലും ഭയപ്പെട്ടു.എങ്കിലും ശാസ്ത്രിജിയുടെ പ്രത്യേക താത്പര്യത്തില്‍ ,കുര്യന് സര് ചെയര്‍മാനായി ,ആനന്ദ് ആസ്ഥാനമായി NDDB സ്ഥാപിക്കപ്പെടുക തന്നെ ചെയ്തു ..
കുര്യന് സര് ,പിന്നീട് രാജ്യമാസകലം സന്ദര്‍ശിച്ച് ,സംസ്ഥന ഗവന്മേന്റുകളുടെ സഹകരണത്തോടെ , ക്ഷീര സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്കി…കര്‍ഷകരെ സഹായിക്കാന്‍ ,കാലിത്തീറ്റ ഫാക്ടറികള്‍ ,തീറ്റപ്പുല്‍കൃഷി , മുന്തിയ ഉത്പാടനശേഷിയുള്ള പശുക്കളുടെ ഇറക്കുമതി ,പ്രജനനം ,സംരക്ഷണം , ആധുനിക ഡയറികളുടെ സ്ഥാപനം ,പാല്‍പ്പൊടി നിര്‍മ്മാണ ശാലകള്‍, വിതരണ ശ്രംഖല എന്നിങ്ങനെ നൂറു നൂറു തൊഴില്‍ മേഖലകള്‍ രാജ്യമെമ്പാടും തുറന്നു …ഒരു ചെയിന്‍ റിയാക്ഷന് പോലെ ,ധവള വിപ്ലവം മുന്നേറി.അതുകൊണ്ടാകണം ധവള വിപ്ലവത്തിന്റെ ഇംഗ്ലീഷ് പേര് Operation Flood എന്നായത് .പുരോഗതിയുടെ ഈ മലവെള്ളപ്പാച്ചിലിനൊടുവില്‍ ,ഭാരതം ലോകത്തിലെ എറ്റവും വലിയ പാലുത്പാദക രാജ്യമായി മാറി ….ഇന്ന് കേരളം കണികണ്ടുണരുന്ന നന്മയായ മില്മയായും ,തമിഴ് നാട്ടില്‍ അവിന് ആയും നൂറു കണക്കിന് ആനന്ദ് മോഡല്‍ സഹകരണ സംഘങ്ങള്‍ രാജ്യമെമ്പാടും ,ആ മഹാവിപ്ലവത്ത്തിന്റെ കാവലാളുകളായി തുടരുന്നു ….
കുര്യന് സാറിന്റെ ഇതിഹാസ തുല്യമായ ജീവിതം ,ഒരു വലിയ പാഠശാല തന്നെയാണ്.അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് , ആനന്ദിലെത്തിയപ്പൊള്, സുഹൃത്തും ഗുരുവും വഴികാട്ടിയുമൊക്കെയായ മണിബെന്‍ പട്ടേല്‍ (സര്‍ദാര്‍ പട്ടേലിന്റെ മകള്‍) ,നവവധുവിന് ഒരു ഉപദേശം നല്കി .’നിങ്ങള്‍ കുര്യന്റെ രണ്ടാം ഭാര്യയാണ് ..അദ്ദേഹത്തിന്റെ ആദ്യഭാര്യ ഡയറി തന്നയാണ് .ഒരിക്കലും ആദ്യഭാര്യയില്‍ നിന്ന് അയാളെ അകറ്റരുത് ‘…അതൊരു വലിയ സന്ദേശമാണ് …മണിബെന്‍ അദ്ദേഹത്തെ അത്രയേറെ മനസ്സിലാക്കിയിരുന്നു …വലിയ മനസ്സുകള്‍ക്ക് മാത്രമേ ,വലിയ മനസ്സുകളെ തിരിച്ചറിയാന്‍ കഴിയൂ എന്നതാണ് അതിലെ സത്യം …പട്ടേലിന്റെ മരണ ശേഷം ,പിതാവ് എല്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കുറച്ച് പണം നെഹ്രുവിനെ ഏല്പിക്കാന് പോയ മണിബെന്‍ ,അത് അദ്ദേത്തിനു നല്കി കുറച്ച് കാത്ത് നിന്നു …നാല്പത് ലക്ഷം രൂപയുണ്ടായിരുന്നു അത് (1952 ലെ നാല്പത് ലക്ഷം )…ഒന്നും പറയാതെ മണിബെന്നിനെ നെഹ്റു മടക്കി …നെഹ്റു എന്ത് പറയും എന്നാണു കരുതിയത് എന്ന് ചോദിച്ചപ്പോള്‍ ,ഇനിയെങ്ങിനെയാണ് ജീവിക്കാന്‍ പോകുന്നത് എന്ന് ചോദിക്കും എന്ന പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞു …ആരും തിരിഞ്ഞ് നോക്കാനില്ലാതെ , കാഴ്ച നഷ്ടപ്പെട്ട് ,അഹമ്മദാബാദിലെ തെരുവുകളില്‍ വേച്ച് വേച്ച് നടക്കുന്ന ,ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയുടെ മകളുടെ അവസ്ഥ കുര്യന് സര് ആത്മകഥയില്‍ പറയുന്നുണ്ട് …അത്, നന്ദികേടിന്റേയും, ഗുരുത്വ ദോഷത്തിന്േറയും മറ്റൊരു പാഠം …
ഇന്ന് ,ലക്ഷക്കണക്കിന് കര്‍ഷകരുടെയും ,വിദ്യാസമ്പന്നരുടെയും ,പ്രതീക്ഷയും ,സ്വപ്നവുമൊക്കെയാണ് ആനന്ദ്. ഇന്ത്യയുടെ സാമ്പത്തിക ,സാമൂഹ്യ സാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ പോന്ന കരുത്ത് നേടിയ ഒരു വന്‍ മുന്നെറ്റത്തിന്റെ തലസ്ഥാനം .എല്ലാം ഒരു സാധുമൃഗത്തിന്റെ പാലും ,കര്‍ഷകരുടെ അധ്വാനവും ,ഒരു മഹാധിഷണാശാലിയുടെ ദീര്‍ഘവീക്ഷണവും.ഇന്ത്യയുടെ സമ്പദ്ഘടനയെ തന്നെ നിയന്ത്രിക്കുന്ന ,ഈ മൃഗത്തിനെ കൊന്നു തിന്നുന്നതാണ് സ്വാതന്ത്ര്യം എന്നതാണല്ലോ ഇന്നത്തെ വീക്ഷണം.
അന്പതുകളിലെ ഉറക്കം തൂങ്ങി പട്ടണത്തില്‍ നിന്നും മാറി ,ലോകത്തിന്റെ തന്നെ ക്ഷീര തലസ്ഥാനമായി മാറിയ ആനന്ദില്‍ തന്നയാണ് ,കഴിഞ്ഞ മൂന്ന് വര്‍ഷമായി കുര്യന് സാര്‍ അന്ത്യവിശ്രമം കൊള്ളുന്നതും .താന്‍ ഓമനിച്ച് വളര്‍ത്തിയ ഡയറികള്‍ക്ക് നടുവില്‍, തന്റെ പ്രിയപ്പെട്ട കര്‍ഷകരുടെ സ്നേഹവാത്സല്യങ്ങള്‍ എറ്റുവാങ്ങി ,താന്‍ സ്നേഹിച്ച ,തന്നെ സ്നേഹിച്ച ആ മഹാവിപ്ലവത്ത്തിന്റെ പ്രഭവകേന്ദ്രത്തില്‍ …ഇന്ത്യയുടെ പാല്ക്കാരന്, ഇപ്പോഴും നമുക്ക് വെളിച്ചമായി നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: