തൃശൂര്‍; ലോക പ്രസിദ്ധമായ തൃശൂര്‍ പൂരം ഇല്ലാതാകുമെന്ന ആശങ്കകള്‍ ഉയര്‍ന്നതോടെ തൃശൂരിലെ സാംസ്കാരിക നായകരും ആദ്ധ്യാത്മിക പ്രമുഖരും ജനങ്ങളും കൈമെയ് മറന്ന് ഒന്നിച്ചതോടെ ആ ഇച്ഛാശക്തിക്ക് മുന്നില്‍ ഭരണകൂടത്തിന് തലകുനിക്കേണ്ടിവന്നു. പൂരം പ്രതീകാത്മകമായ രീതിയില്‍ മാത്രം നടത്തേണ്ടിവരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളും വ്യക്തമാക്കി. കോടതിവിധിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവുമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് ഇടയാക്കിയത്. എന്നാല്‍ സാംസ്കാരിക നഗരം അതിന്റെ പേരും പെരുമയും ഉയര്‍ത്തിക്കൊണ്ട് ഒന്നിച്ച് നിന്നതോടെ ഭരണകൂടവും അടിയറവ് പറഞ്ഞു. ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ വനംവകുപ്പും വെടിക്കെട്ടിനെതിരെ ഹൈക്കോടതിയും ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് പൂരം പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉണര്‍ത്തിയത്.
കേരളത്തിന്റെ യശസ്സുയര്‍ത്തുന്ന ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന പൂരം ഇല്ലാതാവുന്നു എന്നത് ചിന്തിക്കാന്‍പോലും വയ്യാത്ത കാര്യമായിരുന്നു. ആന എഴുന്നള്ളിപ്പും കുടമാറ്റവും ഇലഞ്ഞിത്തറ മേളവും പഞ്ചാരിമേളവും വെടിക്കെട്ടും ഇത്രമാത്രം ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്ന മറ്റൊരു ഉത്സവവും കേരളത്തിലെന്നല്ല ലോകത്തില്‍ തന്നെയില്ല. കണ്ണിനും കാതിനും മനസ്സിനും ഒരുപോലെ കുളിര്‍മ്മയേകുന്ന പൂരം ഇല്ലാതാക്കുവാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഭക്തരും പൂരപ്രേമികളും ഒന്നിച്ചതോടെ മുഖ്യമന്ത്രിക്ക് തന്നെ തൃശൂരിലെത്തി ചര്‍ച്ച ചെയ്യേണ്ടുന്ന അവസ്ഥ സംജാതമായി.
ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനുമെതിരെ ഉണ്ടായ നിലപാടുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്സവാഘോഷ ഏകോപനസമിതി വിഷുനാളില്‍ ഉപവാസവും പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ജനങ്ങളെ സര്ക്കാരിനെതിരാക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി തൃശൂരിലെത്തിയത്. അങ്ങനെ ഉപവാസം അവസാനിക്കുന്നതിന് മുമ്പുതന്നെ ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും എതിരായ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ രണ്ടുഉത്തരവുകളും നിലനില്‍ക്കുകയാണെങ്കില്‍ പൂരം നടത്താന്‍ സാധ്യമല്ലെന്ന നിലപാടിലായിരുന്നു ദേവസ്വങ്ങള്‍. സര്‍ക്കാറില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് വന്നതോടെ ഉപവാസം ആഘോഷപൊലിമയിലാണ് അവസാനിച്ചത്.
പടക്കം പൊട്ടിച്ചുതന്നെ ഉത്സവം സമാപിച്ചു. പകല്‍ പത്തിനും വൈകീട്ട് അഞ്ചിനും ഇടക്ക് ആനകളെ എഴുന്നള്ളിക്കരുതെന്നും ഇവതമ്മില്‍ മൂന്ന് മീറ്റര്‍ അകലത്തിലേ നിര്‍ത്താവൂ എന്നുമാണ് വനംവകുപ്പിന്റെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് പ്രകാരം പൂരം നടത്താന്‍ കഴിയില്ലെന്ന് ദേവസ്വം വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടേയും ഭരണകൂടത്തിന്റേയും ഗൂഢതന്ത്രങ്ങള്‍ ഇതിനു പിന്നിലുണ്ടോയെന്നും സംശയിക്കുന്നു. പരവൂരിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായത്. രാത്രിയിലെ വെടിക്കെട്ട് നിരോധിച്ചാല്‍ പിന്നെ പൂരം വെടിക്കെട്ടില്ല.
സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ വെടിക്കെട്ട് പാടില്ലെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഇത് പ്രകാരം പൂരം വെടിക്കെട്ട് ഇല്ലാതാകും. ഈ അവസ്ഥ വന്നപ്പോള്‍ ഇരുദേവസ്വങ്ങളും ഹൈക്കോടതിയെ സമീപിക്കുകയും ഉപാധികളോടെ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കുകയുമായിരുന്നു. നിരോധിത രാസവസ്തുക്കള്‍ അനുവദിക്കരുതെന്നും ശബ്ദപരിധി 125 ഡെസിബല്ലായി നിയന്ത്രിക്കണമെന്നുമായിരുന്നു ഉപാധികള്‍.
നേരത്തെ കോടതി ഉത്തരവ് ഉണ്ടായതും വെടിക്കെട്ട് പുരയുടെ താക്കോല്‍പോലും ഭരണകൂടം കൈക്കലാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്നതോടെ വെടിക്കെട്ടിനെതിരെ ഉണ്ടായിരുന്ന ആശങ്കകളും ഇല്ലാതായി. അങ്ങനെ എല്ലാവിധ ഭയാശങ്കകളും ഇല്ലാതാക്കി പൂരം വിസ്മയക്കാഴ്ചയൊരുക്കുവാന് സാംസ്കാരിക നഗരം തയ്യാറായി. പതിനായിരങ്ങള്‍ സാക്ഷിയായി ഇന്നലെ വൈകീട്ട് പൂരം സാമ്പിള്‍ വെടിക്കെട്ടും നടന്നതോടെ പൂരം ഇക്കുറിയും വര്‍ണാഭമാകും എന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: