ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഭീകരര്‍ നുഴഞ്ഞുകയറുന്നത് നിയന്ത്രിക്കാന്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അത്യാധുനിക ലേസര്‍ മതിലുകളുടെ നിര്‍മ്മാണം വരുന്ന ശൈത്യ കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഗവേഷണ വിഭാഗം അടുത്തമാസം ആദ്യം ജമ്മു കശ്മീരിലേക്ക് തിരിക്കും. നേരത്തെ ഉണ്ടായിരുന്ന ലേസര്‍ മതില്‍ കാലോചിതമായി നവീകരിച്ച് സ്ഥാപിക്കുകയായിരുന്നു.
നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായുളള ‘കവച് ‘ എന്ന പേരില്‍ ഇസ്രയേല്‍ സഹായത്തോടെയാണ് പദ്ധതിനടപ്പാക്കുക. ലേസര്‍ രശ്മികളും ഇന്‍ഫ്രാറെഡ് രശ്മികളും അതിര്‍ത്തിയില്‍ എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ലേസര്‍ ഉപകരണത്തില്‍ നിന്ന് അദൃശ്യങ്ങളായ രശ്മികള്‍ സദാ അതിര്‍ത്തിയിലുടനീളം പുറത്തുവന്നുകൊണ്ടിരിക്കും.
ആരെങ്കിലും അതിര്‍ത്തി കടന്നാല്‍ രശ്മി മുറിയും, അലാറം മുഴങ്ങും. ഇത് അതിത്തിയിലെ സൈനിക ക്യാമ്പുകളില്‍ അറിയാം. 2017 മാര്‍ച്ചോടെ മുഴുവന്‍ അതിര്‍ത്തിയിലും ലേസര്‍, ഇന്‍ഫ്രാറെഡ് രശ്മികളുടെ മതില്‍ നിര്‍മ്മിക്കാനാണ് കേന്ദ്ര പദ്ധതി. ഇവയ്‌ക്കു പുറമേ അതിര്‍ത്തിയില്‍ തെര്‍മല്‍ ഇമേജിങ് കാമറകളും സ്ഥാപിക്കും.
അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം പൂര്‍ണമായും തടയുക എന്നതാണ് ലക്ഷ്യം. സിസിടിവി , തെര്‍മല്‍ ഇമേജ് സെന്‍സര്‍ , രാത്രിക്കാഴ്ച നല്‍കുന്ന ക്യാമറ, ഭൂഗര്‍ഭ നിരീക്ഷണ സെന്‍സറുകള്‍, ലേസര്‍ വേലികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത് .
എറ്റവും കൂടുതല്‍ നുഴഞ്ഞു കയറ്റം നടക്കുന്ന മേഖലയാണ് ഇന്ത്യ- പക് പടിഞ്ഞാറേ അതിര്‍ത്തി. ഇവിടുത്തെ വേലിയില്ലാത്ത മേഖലകളില്‍ ലേസര്‍ വേലി ഉപയോഗിക്കാനാണ് തീരുമാനം . ഏതെങ്കിലും ഒരു സംവിധാനം പരാജയപ്പെട്ടാലും നുഴഞ്ഞ് കയറ്റം കൃത്യമായി നിരീക്ഷിച്ച് കണ്ട്രോള്‍ റൂമില്‍ വിവരങ്ങള്‍ നല്‍കാന്‍ മറ്റുള്ളവയ്‌ക്ക് കഴിയും എന്നതാണ് ഒരു ഗുണം. അഞ്ച് -ആറ് കിലോമീറ്ററിനുള്ളില്‍ ഒരു കണ്ട്രോള്‍ റൂം ഉണ്ടാകും.
പത്താന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ക്കും മയക്കുമരുന്ന് കടത്തിനും ശക്തമായ തടയിടാന്‍ ഈ അഞ്ച് നിര സംവിധാനത്തിന് കഴിയും. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഭാരതം അതിര്‍ത്തി പൂര്‍ണമായും ബന്തവസ്സാക്കാന്‍ തീരുമാനിക്കുന്നത് .
















