കണ്ണൂര്‍: ഒരു വര്‍ഷമായി ശമ്പളം ലഭിക്കാതെ അഗ്രോ സര്‍വ്വീസ് സെന്ററിലെ ജീവനക്കാര്‍. യുഡിഎഫ് ഭരണത്തില്‍ കൃഷിമന്ത്രിയായിരുന്ന കെ.പി. മോഹനന്‍ പ്രത്യേക താല്‍പര്യമെടുത്ത് 2014 ല്‍ അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൃഷിവകുപ്പിന്റെ മണ്ണു പരിശോധനാ ലാബുകളില്‍ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് അഗ്രോ സര്‍വ്വീസ് സെന്ററിന് തുടക്കമിട്ടത്.
സെന്ററിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഓരോ ജില്ലയിലും ഒരു ലാബ് അനലിസ്റ്റിനെയും രണ്ട് ലാബ് അസിസ്റ്റന്റുമാരെയുമാണ് നിയമിച്ചത്. ബിഎസ്‌സി കെമിസ്ട്രി അടിസ്ഥാന യോഗ്യതയുള്ള ലാബ് അനലിസ്റ്റിന് 15,000 രൂപയും അസിസ്റ്റന്റിന് 5000 രൂപയുമാണ് മാസ ശമ്പളം നിശ്ചയിച്ചിരുന്നത്.
ആഗ്രോ സര്‍വ്വീസ് സെന്റര്‍ ആന്‍ഡ് ഡലിവറി എന്ന പദ്ധതിയുടെ ഘടകമായി മണ്ണു പരിശോധനാ ലാബ് ആരംഭിക്കാന്‍ നല്‍കുന്ന ഫണ്ടില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അഗ്രോ സര്‍വ്വീസ് സെന്ററിന്റെ മണ്ണ് പരിശോധനാ ശാലയുടെ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് തുക ഈടാക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഒരു വര്‍ഷം വരെ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റി.
കൂത്തുപറമ്പിലുള്ള സര്‍വ്വീസ് സെന്റര്‍ പൂട്ടിയ നിലയിലാണ്. ശമ്പള കുടിശ്ശികയുണ്ടായി ലാബിന്റെ പ്രവര്‍ത്തനം നിലച്ചിട്ടും ജീവനക്കാരെ പിരിച്ച് വിടുകയോ പുനരധിവസിപ്പിക്കുകയോ ശമ്പള കുടിശ്ശിക അനുവദിക്കുകയോ ചെയ്തിട്ടില്ല. അധികൃതരെ സമീപിക്കുമ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. കുടിശ്ശികയ്‌ക്ക് അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ ജോലിക്ക് ഹാജരാകാനാണ് ജീവനക്കാരോട് അധികൃതര്‍ ആവശ്യപ്പെടുന്നത്.
സെന്റര്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ അതാത് മാസത്തെ ശമ്പളം നല്‍കാമെന്നും കുടിശ്ശിക സംബന്ധിച്ച് ഉറപ്പ് നല്‍കാന്‍ സാധിക്കില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ശമ്പള കുടിശ്ശിക ലഭിക്കാതെ ജോലിക്ക് തുടര്‍ന്ന് ഹാജരാവാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ഡയറക്ടറേറ്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
















