കോട്ടയം: ശബരി റെയില്‍പ്പാത സമയബന്ധിതമായി നിര്‍മ്മിക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ 225 കോടി രൂപയാണ് പാതയ്‌ക്കായി അനുവദിച്ചത്. പുതിയ റെയില്‍വേ ലൈനിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നാല്‍പത് കോടി രൂപയും അനുവദിച്ചു. നേരത്തേ പൂട്ടിയ, ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകള്‍ ഇതോടെ തുറന്നു. സ്ഥലമെടുപ്പ് ജോലികള്‍ പുനരാരംഭിച്ചു.
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ രാമപുരം, കടനാട്, വെള്ളിലാപ്പള്ളി വില്ലേജുകളിലാണ് പുതിയതായി സര്‍വേ തുടങ്ങിയത്. പാത നിര്‍മാണത്തില്‍ സംസ്ഥാനത്തിന്റെ വിഹിതം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുന്ന ‘പ്രഗതി’ പദ്ധതിയില്‍ ശബരി റെയിലും ഇടം പിടിച്ചിട്ടുണ്ട്. പ്രഗതിയിലെ പത്തു പദ്ധതികളില്‍ കേരളത്തില്‍ നിന്ന് ശബരി പാത മാത്രമാണുള്ളത്.
റെയില്‍വേ നയമനുസരിച്ച് പുതിയ പാതകളുടെ നിര്‍മാണ ചെലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി പങ്കിടണം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റെയില്‍വേയുമായി സംയുക്ത കമ്പനിക്ക് ധാരണയായി. റെയില്‍വെയ്‌ക്ക് അന്‍പത്തൊന്നും കേരളത്തിന് നാല്‍പ്പത്തൊമ്പതും ഓഹരിയാണുള്ളത്.
ശബരി റെയില്‍ ലൈന്‍, സബര്‍ബന്‍ പാത, നിലമ്പൂര്‍-നഞ്ചന്‍കോട് പാത എന്നിവ ഈ കമ്പനിക്ക് കീഴില്‍ നിര്‍മിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ സര്‍വ്വേയ്‌ക്കുള്ള പണം നല്‍കാതെ നിലമ്പൂര്‍ പാത അട്ടിമറിച്ചു. ശബരി പാതയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ 260 കോടി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിട്ടും സംസ്ഥാനത്തിന്റെ വിഹിതത്തെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ശബരി റെയില്‍ പാതയുടെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്ന നിലപാടിലായിരുന്നു, യുഡിഎഫ് സര്‍ക്കാര്‍.
ചില പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം നടക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സ്ഥലമെടുപ്പ് സുഗമമാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. പ്രഖ്യാപിച്ചപ്പോള്‍ 517 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഇപ്പോള്‍ 2600 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. 120 കിലോ മീറ്റര്‍ പാതയ്‌ക്ക് വേണ്ടി മുന്നൂറ്റി അന്‍പത് ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും.
















