പയ്യന്നൂരില്‍ സിപിഎം സംഘം കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട്ടിലെത്തിയ കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി ബിജുവിന്റെ അമ്മയെ ആശ്വസിപ്പിക്കുന്നു കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണ ദാസ് എന്നിവര്‍ സമീപം
പയ്യന്നൂര്‍: എനിക്ക് നഷ്ടമായത് എന്റെ മകനെയാണ്. എനിക്ക് നീതി ലഭിക്കണം. എന്റെ മകനെ കൊലപ്പെടുത്തിയവരെ തുറുങ്കിലടക്കണം. തന്റെ വീട് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയോട് കക്കംപാറയിലെ ബിജുവിന്റെ പിതാവ് പുരുഷോത്തമന്‍ പറഞ്ഞതാണിത്. മകനെ കൊലപ്പെടുത്തിയത് സിപിഎം സംഘമാണ്. അതുകൊണ്ട് തന്നെ കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ല. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെയും നിര്‍ദ്ദേശ പ്രകാരമാണ് താന്‍ വന്നതെന്നും വസ്തുതകള്‍ അവരുടെ മുന്നില്‍ വെക്കുമെന്നും വികാരാധീനനായി റൂഡി പറഞ്ഞു. താങ്കള്‍ക്ക് നീതി ലഭിക്കും. കേസില്‍ ആവശ്യമായത് ചെയ്യും. റൂഡി പറഞ്ഞു. ബിജുവിന്റെ വീട്ടിലെത്തിയ റൂഡി അമ്മയെയും സഹോദരന്‍മാരെയും സമാശ്വസിപ്പിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എം.പി.നളീന്‍ കുമാര്‍ കട്ടീല്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ പി.സി.തോമസ്, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















