തിരുവനന്തപുരം: ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക് വൈദ്യുതി മന്ത്രി എം.എം മണി തടസ്സം നിന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പൊമ്പിളൈ ഒരുമയ്‌ക്കെതിരെയുള്ള എം.എം മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സെൻകുമാർ കേസിൽ പുന:പരിശോധന ഹർജി നൽകിയത് വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും സേനയിൽ ഒരു അച്ചടക്ക ലംഘനവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. അതിനിടെ സ്വാശ്രയ സമരത്തിൽ പങ്കെടുത്ത കെഎസ്‍യു പ്രവർത്തകർക്കെതിരായ പോലീസ് നടപടിയും സമരത്തിൽ പരിക്കേറ്റ കെഎസ്‍യു പ്രവർത്തകർക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവവും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി.
പ്രതിപക്ഷത്ത് നിന്നും ഹൈബി ഈഡനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടുള്ള നോട്ടീസ് നൽകിയത്. പോലീസുകാർക്കും പരിക്കേറ്റവർക്ക് ചികിത്സ നിഷേധിച്ച ഡോക്ടർമാർക്കും എതിരെ നടപടി വേണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ കെഎസ്‍യു പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമരക്കാർ കല്ലേറ് നടത്തിയെന്നും അക്രമം വർധിച്ചതോടെയാണ് ലാത്തിച്ചാർജ്ജും ഗ്രനേഡും പ്രയോഗിക്കേണ്ടി വന്നതെന്നും സമരക്കാരിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും തലയ്‌ക്ക് പരിക്കെന്ന ആരോപണം വസ്തുതാപരമല്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
സമരത്തിനിടെ കെഎസ്‍യുക്കാർക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധവുമായി ചോര പുരണ്ട വസ്ത്രങ്ങളുമായിട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്.
















