കണ്ണൂര്‍: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ ജില്ലയിലെ പ്രധാനപ്പെട്ട പൊതുവിദ്യാലയങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് മികച്ച നേട്ടം. പരീക്ഷയ്‌ക്കിരുന്ന 235 പേരില്‍ 231 പേരില്‍ മികച്ച വിജയം കൈവരിച്ചതോടെ 98.3 ശതമാനമെന്ന അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ സ്‌കൂളിനായി. സയന്‍സ് വിഷയത്തില്‍ പരീക്ഷയെഴുതിയ 11 പേരും കൊമേഴ്‌സില്‍ ഒരു വിദ്യാര്‍ഥിയും എല്ലാ വിഷയങ്ങളും എ പ്ലസ് നേടി വിജയത്തിളക്കം കൂട്ടി. പ്ലസ്ടുവില്‍ 93 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം.
ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന കണ്ണാടിപ്പറമ്പ് സ്‌കൂളിന് എക്കാലത്തെയും മികച്ച വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെയും ഇതിനു പിന്നില്‍ പ്രയത്‌നിച്ച അധ്യാപകരെയും പിടിഎ അഭിനന്ദിച്ചു. എല്ലാ വിഷയങ്ങളിലും എ.പ്ലസ് നേടിയവരുള്‍പ്പെടെ സ്‌കൂളിന് നല്ല വിജയശതമാനം നേടിക്കൊടുത്ത വിദ്യാര്‍ഥികള്‍ക്കായി അനുമോദനച്ചടങ്ങ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതര്‍.
















