തിരുവനന്തപുരം: മലപ്പുറത്തെ അരീക്കോട് റൂറല്‍ ഇലക്ട്രോണിക് പാര്‍ക്കിനായി അഞ്ചേക്കര്‍ സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ വൈകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയില്‍ നെല്‍വയല്‍, നീര്‍ത്തട പ്രദേശം, വഖഫ് ഭൂമി എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കളക്ടറുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നുവരുന്നു. ഇത് പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കുന്നതോടെ ഇലക്‌ട്രോണിക് പാര്‍ക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച് നിര്‍ദേശം നല്‍കും.
ഡിജിപി സമര്‍പ്പിച്ചിട്ടുള്ള പുതിയ പോലീസ് സ്റ്റേഷനുകളുടെ മുന്‍ഗണനാ പട്ടികയില്‍ ഉപ്പളയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവിടെ പോലീസ് സ്റ്റേഷന്‍ പണിയുന്നതിനുള്ള വിശദമായ പദ്ധതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്‌ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 317 കോടിരൂപ വായ്‌പ വിതരണം ചെയ്‌തെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 94.7 ശതമാനം തിരിച്ചടവുള്ള സ്ഥാപനം 23 കോടിരൂപ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
















