തിരുവനന്തപുരം: കൈത്തറി മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന കൈത്തറി യൂണിഫോമില്‍ വന്‍ അഴിമതി. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കുട്ടികള്‍ക്കായി വിതരണം ചെയ്യുന്നത് ചൈനീസ് തുണികളെന്ന് ആരോപണം.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ എട്ട് വരെുള്ള കുട്ടികള്‍ക്ക് സൗജന്യമായി രണ്ട് ജോഡി കൈത്തറി യൂണിഫോം നല്‍കുക എന്നതായിരുന്നു പദ്ധതി. ഇതിനായി 300 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതുവഴി തകര്‍ന്നുകിടക്കുന്ന കൈത്തറി മേഖലയെ പുനരുദ്ധരിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ കൈത്തറി തുണികള്‍ക്ക് പകരം ചൈനീസ് തുണികള്‍ നല്‍കുന്നുവെന്നാണ് കൈത്തറി തൊഴിലാളികളുടെ ആരോപണം.
പദ്ധതി അനുസരിച്ച് സംസ്ഥാനത്തെ കുട്ടികള്‍ക്കുമുഴുവന്‍ യൂണിഫോം നല്‍കാന്‍ ആറരക്കോടി മീറ്റര്‍ തുണി നെയ്യണം. നെയ്തുകാരും അനുബന്ധ തൊഴിലാളികളും ഉള്‍പ്പെടെ രണ്ട്‌ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന 26 സ്പിന്നിംഗ് മില്ലുകള്‍ കോട്ടണ്‍നൂല്‍ ഉല്‍പാദനത്തിനായി തുറക്കുന്നതോടെ 25000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. കൂടാതെ ചായം പിടിപ്പിക്കാനുള്ള 600ല്‍പരം ഡൈ ഹൗസുകളിലെ 10000ല്‍ അധികം തൊഴിലാളികള്‍ക്കും തൊഴില്‍ നേട്ടമുണ്ടാകും. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും കൈത്തറി മേഖലയില്‍ ഉണ്ടായിട്ടില്ലെന്ന് നെയ്തുതൊഴിലാളികള്‍ പറയുന്നു.
എല്‍പി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് മാത്രം യൂണിഫോം വിതരണം ചെയ്താല്‍ മതിയെന്നാണ് ഇപ്പോള്‍ തീരുമാനം. അദ്ധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ വിതരണത്തിനുള്ള തുണിയും സര്‍ക്കാര്‍ എത്തിച്ചുകഴിഞ്ഞു. വിതരണം ചെയ്യാനായി ചൈനയില്‍ നിന്ന് 10 രൂപ നിരക്കില്‍ തുണി ലഭ്യ മാക്കുകയാണ് ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. സര്‍ക്കാര്‍ അനുവദിച്ച തുകയുടെ എട്ടില്‍ ഒന്ന് തുകയക്ക് ചൈനീസ് തുണികള്‍ ലഭിക്കും. ബാക്കി തുക ഉദ്യോഗസ്ഥരുടെയും റിബേറ്റ് സഹകരണ സംഘങ്ങളുടെയും കൈകളിലേക്ക് പോകുമെന്നും തൊഴിലാളികള്‍ പറയുന്നു.
















