ബെംഗളൂരു: നിലവിലെ ജേതാക്കളോ മുന്‍ ചാമ്പ്യന്മാരോ? കഴിഞ്ഞ സീസണിന്റെ ആവര്‍ത്തനമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുഖാമുഖമെത്തുമ്പോള്‍ ചോദ്യം ഒന്നു മാത്രം കഴിഞ്ഞ തവണത്തെ തോല്‍വിക്ക് കൊല്‍ക്കത്ത കണക്കുതീര്‍ക്കുമോ?
കഴിഞ്ഞ തവണ ന്യൂദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ കൊല്‍ക്കത്തയെ 22 റണ്ണിനു തോല്‍പ്പിച്ച് രണ്ടാം ക്വാളിഫയറിലേക്കും പിന്നീട് ഫൈനലിലേക്കും കുതിച്ച ഹൈദരാബാദ് കിരീടവുമായി മടങ്ങി. ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ ഫലം മാറുമോ? അതെന്തായാലും ആരാധകരെ ആവേശത്തിമിര്‍പ്പിലാക്കുന്ന പോരാട്ടത്തിനാകും ഇരു ടീമുകളും സജ്ജമാകുക.
വ്യത്യസ്ത രീതിയിലാണ് ഇവരുടെ നോക്കൗട്ട് പ്രവേശനം.
മെല്ലെ തുടങ്ങി കുതിച്ചു പാഞ്ഞാണ് കിരീടം നിലനിര്‍ത്താനുള്ള പടപ്പുറപ്പാടിന് ഹൈദരാബാദ് കച്ചമുറുക്കിയത്. കൊല്‍ക്കത്തയാകട്ടെ ആധികാരികമായി തുടങ്ങി അവസാനം കിതച്ചു. നോക്കൗട്ട് ഉറപ്പിച്ച ശേഷം ഒന്നാമതെത്താനുള്ള പല അവസരങ്ങളും നഷ്ടപ്പെടുത്തി. സമതുലിതമാണ് രണ്ട് ടീമുകളുമെന്നത് പോരാട്ടം തീപിടിപ്പിക്കുന്നു.
നായകന്‍ ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍, യുവരാജ് സിങ്, മോയ്‌സസ് ഹെന്റിക്കസ്, വിജയ് ശങ്കര്‍, നമന്‍ ഓജ തുടങ്ങിയവര്‍ ബാറ്റിങ്ങിലെ കരുത്തര്‍. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിങ് നിരയില്‍ ആശിഷ് നെഹ്‌റ, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് നബി, ബെന്‍ കട്ടിങ്, റഷീദ് ഖാന്‍ തുടങ്ങിയവരുണ്ട്. പരിക്കുള്ള യുവരാജ് കളിക്കുമോയെന്നതില്‍ തീരുമാനമായില്ല.
സുനില്‍ നരെയ്‌നെ ഓപ്പണറാക്കിയുള്ള നായകന്‍ ഗൗതം ഗംഭീറിന്റെ പരീക്ഷണം വന്‍ വിജയമായതിന്റെ ആത്മവിശ്വാസമുണ്ട് കൊല്‍ക്കത്തയ്‌ക്ക്.
പന്തുകൊണ്ടും ഇന്ദ്രജാലം കാട്ടുന്ന നരെയ്ന്‍ വിജയശില്‍പ്പിയാകുമെന്നാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. ഡാരന്‍ ബ്രാവൊ, ഷാകിബ് അല്‍ ഹസന്‍, റോബിന്‍ ഉത്തപ്പ, ഇഷാങ്ക് ജഗ്ഗി, മനീഷ് പാണ്ഡെ, യൂസഫ് പഠാന്‍, സൂര്യകുമാര്‍ യാദവ്, ട്രെന്റ് ബൗള്‍ട്ട്, പീയൂഷ് ചൗള, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍ തുടങ്ങിയവര്‍ കൊല്‍ക്കത്തയെയും കരുത്തരാക്കുന്നു. ഈ സീസണില്‍ സ്വന്തം മൈതാനത്ത് മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിച്ചു ടീമുകള്‍. കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടിലെ രണ്ടു മത്സരങ്ങളും കൊല്‍ക്കത്ത ജയിച്ചു.
















