കവരത്തി: പ്രദേശിക ചിന്തകളും വിദേശസഹായങ്ങളും കൊണ്ട് കശ്മീരില്‍ ചിലര്‍ വിഘടന വഴിയില്‍ പോകുമ്പോള്‍ ലക്ഷദ്വീപ് ചരിത്രം തുടരുകയാണ്. കൂടുതല്‍ ശക്തിപ്പെടുകയാണ്. പ്രദേശിക പാര്‍ട്ടികളോടും എല്ലാ വിഘടനവാദി സംഘടനകളോടും ഞങ്ങള്‍ക്ക് നിങ്ങളെ വേണ്ടെന്ന് പറഞ്ഞിട്ടുള്ള ദ്വീപ് നിവാസികള്‍ക്ക് പ്രതീക്ഷയും വിശ്വാസവുമായി മാറുകയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയതയില്‍ വിശ്വസിച്ചെങ്കിലും ദ്വീപുവാസികള്‍ പറയുന്നു ബദലില്ലാത്തതിനാലാണ് ഇക്കാലമത്രയും ആശ്രയിച്ചുപോയതെന്ന്. ഇടതുപക്ഷം പേരിനു മാത്രം. പിന്നെ വളര്‍ന്നത് കോണ്‍ഗ്രസിലെ പിളര്‍പ്പിലൂടെ എന്‍സിപിയും ജനതാദളും. വാജ്‌പേയി ഭരണത്തില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്ന ജനതാദള്‍(യു) സ്ഥാനാര്‍ത്ഥിയാണ് പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് കുത്തകയാക്കിയ ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിലെ സീറ്റ് പിടിച്ചത്. 2014ല്‍ വീണ്ടും കോണ്‍ഗ്രസ് തോറ്റപ്പോള്‍ സീറ്റ് എന്‍സിപിയിലെത്തി. എന്നാല്‍ 2019 പൊതു തെരഞ്ഞെടുപ്പില്‍ ദ്വീപ് ബിജെപിക്കൊപ്പമാകുമെന്നാണിപ്പോള്‍ സൂചനകള്‍. സീറ്റ് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പാര്‍ട്ടിദേശീയാദ്ധ്യക്ഷന്‍ അമിത്ഷായുടെ മൂന്നുദിവസത്തെ രാഷ്‌ട്രീയ പ്രചാരണ പരിപാടികള്‍.
വിശ്വാസ്യതയുള്ള ദേശീയ പാര്‍ട്ടിയാണ് ദ്വീപ്‌വാസികളുടെ ലക്ഷ്യം. രാജ്യത്തോടൊപ്പമാണ് ഇസ്ലാമിക മത വിശ്വാസികള്‍ മാത്രം സ്ഥിരവാസമുള്ള ദ്വീപസമൂഹത്തിന്റെ മനസ്സ്. ഇതുവരെ വിശ്വസിച്ച് വിജയിപ്പിച്ചവരില്‍ വിശ്വാസം പോയതാണ് ഇവിടത്തുകാരുടെ സ്ഥിതി. അവര്‍ക്ക് പുതിയ ആശ്വാസങ്ങളുമായാണ് അമിത്ഷായുടെ വരവ്. ലക്ഷദ്വീപ് പുതിയ ചരിത്രം കുറിക്കുകയാണ്.
ഇന്നു വൈകിട്ടാണ് അമിത്ഷായുടെ കവരത്തിദ്വീപിലെ പൊതുസമ്മേളനം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പഴയ അസ്ഥിവാരത്തില്‍ പുതിയ പാര്‍ട്ടിഘടന നിര്‍മ്മാണത്തിന് ദ്വീപില്‍ നിയോഗിച്ചിരിക്കുന്നത് ആലപ്പുഴ ചേര്‍ത്തല സ്വദേശി വിമല്‍ രവീന്ദ്രനെയാണ്. പുതിയ അദ്ധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജിയാണ്. രണ്ടുമാസമായി പാര്‍ട്ടി ഓരോ തലത്തില്‍ കെട്ടിപ്പടുക്കുകയാണ്. വിശാലമായ പദ്ധതി പാര്‍ട്ടി ദേശീയ നേതൃത്വത്തിനു മുന്നിലുണ്ട്.
പാര്‍ട്ടി സഹസംഘടനാ സെക്രട്ടറി ബി.എന്‍.സന്തോഷ്, ലക്ഷദ്വീപ് ചുമതലവഹിക്കുന്ന എംപി മഹേഷ് ഗിരി തുടങ്ങിയവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയുടെ നടപ്പാക്കലിന്റെ തുടക്കമാണിത്. ഈ വര്‍ഷം ഒക്‌ടോബറില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് അദ്യമത്സരഘട്ടം. പ്രധാന മത്സരം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, മുഖ്യലക്ഷ്യം ലക്ഷദ്വീപിന്റെ സമഗ്രവികസനം.
ദ്വീപുനിവാസികള്‍ക്ക് ഇതുവരെ പാര്‍ട്ടികള്‍ പലതും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പായിട്ടില്ല.
ചികിത്സ, വിദ്യാസം, യാത്രാസൗകര്യം സാങ്കേതിക സംവിധാനത്തിലൂടെ ബാഹ്യലോകവുമായി ബന്ധം, ഇതൊക്കെയാണ് അടിയന്തരാവശ്യങ്ങള്‍. അതിവേഗം ഇവയൊക്കെ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് സമ്മര്‍ദ്ദം ചെലുത്തുക, അതാണ് ബിജെപി പദ്ധതി. ഇന്ന് അമിത്ഷാ ദ്വീപ് വികസന അജണ്ട പൊതുവേദിയില്‍ അവതരിപ്പിക്കും. അതിനിടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നേതാക്കളം അണികളും സന്നദ്ധത പ്രകടിപ്പിട്ടുള്ളതായി പ്രാദേശിക നേതാക്കള്‍ പറയുന്നു.
















