തിരുവനന്തപുരം: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് പയ്യന്നൂര്‍ കക്കംപാറയിലെ ചൂരക്കാട് ബിജുവിനെ കഴുത്തറുത്ത് കൊന്നതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന തരത്തില്‍ പുറത്തുവന്ന വീഡിയോ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ പുറത്തുവിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ ബിജെപി അംഗം ഒ.രാജഗോപാല്‍, കോണ്‍ഗ്രസ് അംഗം എ.സി ജോസഫ് എന്നിവരുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഗവര്‍ണര്‍ക്കെതിരായ ബിജെപിയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തില്‍ കേന്ദ്ര ഇടപെടലുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.
കണ്ണൂരില്‍ സമാധാന ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമനത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഗവര്‍ണര്‍ ചെയ്തതത് ഭരണഘടനനാപരമായ ബാധ്യതയാണെന്നും ന്യായീകരിച്ചു. ഇതിന്റെ പേരില്‍ ബിജെപി ഗവര്‍ണര്‍ക്കെതിരെ തിരിയുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള ആരോപണത്തില്‍ ബിജെപി മാപ്പു പറയണം. ഗവര്‍ണറുടെ പ്രവൃത്തികള്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയിലാകണമെന്ന ബിജെപിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ അഫ്സ്പ (പ്രത്യേക സൈനികാവകാശ നിയമം) യുടെ ആവശ്യമില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയും കോണ്‍ഗ്രസും നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കൊലപാതകത്തിന്റെ അന്ന് രാത്രിയാണ് ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ സിപിഎം സംഘം ആഹ്ലാദ പ്രകടനം നടത്തിയത്. സിപിഎമ്മുകാര്‍ ആഹ്ലാദപ്രകടനം നടത്തുന്നത് പാര്‍ട്ടിക്കാര്‍ തന്നെ മൊബൈല്‍ ഫോണില്‍ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നേരത്തെ കതിരൂര്‍ ഡയമണ്ട് മുക്കില്‍സിപിഎം സംഘം വെട്ടിക്കൊന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നീട് മനോജിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ട സ്ഥലത്ത് നായ്‌ക്കളെ കഴുത്തറുത്ത് കെട്ടിത്തൂക്കുകയും ചെയ്തിരുന്നു.
















