ഗ്രാന്റീസ് മരങ്ങള്‍
ഇടുക്കി: ജില്ലയിലെ കൈയേറ്റക്കാരുടെ പേരും കൈയേറിയ ഭൂമിയുടെ അളവും മുഖ്യമന്ത്രിയെ അറിയിക്കാന്‍ തയാറാക്കിയ പട്ടികയില്‍ നിന്ന് അഞ്ചുനാട്ടിലെ കൈയേറ്റങ്ങള്‍ റവന്യൂ വകുപ്പ് ഒഴിവാക്കിയതില്‍ ദുരൂഹത. ഹെക്ടര്‍കണക്കിന് ഭൂമി കൈയേറി ഗ്രാന്റീസ് കൃഷി നടത്തുന്ന പ്രദേശമാണ് അഞ്ചുനാടെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ലാന്‍ഡ് അക്വിസിഷന്‍ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ഡോ. സജിത് ബാബുവിന്റെ റിപ്പോര്‍ട്ടില്‍ നൂറുകണക്കിന് ഏക്കര്‍ കൈയേറിയ പത്തോളം പേരെക്കുറിച്ച് വ്യക്തമാക്കുന്നു.
ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറി ഗ്രാന്റീസ് കൃഷി നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ജില്ലാഭരണകൂടം തയാറാക്കിയ റിപ്പോര്‍ട്ടില്‍ അഞ്ചുനാടില്‍പ്പെടുന്ന കീഴാന്തൂര്‍, മറയൂര്‍ വില്ലേജുകളിലെ ചില കൈയേറ്റങ്ങള്‍ മാത്രമാണുള്ളത്. കേവലം നാല്‍പ്പതേക്കര്‍ കൈയേറ്റം മാത്രമേ റവന്യൂ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെട്ടിട്ടുള്ളൂ.
മറയൂരില്‍ ജോസഫ് ആന്റണി 4.25 ഏക്കറും ആന്റോ ആന്റണി 4.26 ഏക്കറും കൈയേറിയതായി റവന്യൂ വകുപ്പ് സ്ഥിരീകരിക്കുന്നു. കീഴാന്തൂര്‍ വില്ലേജില്‍ 13 കൈയേറ്റക്കാരെക്കുറിച്ച് പറയുന്നുണ്ട്. കൊട്ടാക്കമ്പൂര്‍, വട്ടവട, കീഴാന്തൂര്‍ പ്രദേശങ്ങളിലെ കൈയേറ്റക്കാരെക്കുറിച്ച് വിവരം ഉണ്ടായിരുന്നിട്ടും റിപ്പോര്‍ട്ടില്‍ കയറ്റാതെ കൈയേറ്റക്കാരെ രക്ഷപ്പെടുത്തി.
കാന്തല്ലൂരില്‍ ഒരു കുടുംബത്തില്‍പ്പെട്ട അബ്ദുള്‍ നാസര്‍, അബ്ദുള്‍ സലാം, ബീന നാസര്‍, റസിയ സലാം എന്നിവര്‍ ചേര്‍ന്ന് പത്തേക്കര്‍ ഭൂമിയാണ് കൈയേറിയത്. രാജ്കുമാര്‍ (എട്ട് ഏക്കര്‍), പാപ്പാ (രണ്ട് ഏക്കര്‍), വി.എസ്. ചന്ദ്രന്‍, ഗായത്രി എന്നിവര്‍ ചേര്‍ന്ന് നാലേക്കര്‍, മാത്യു (മൂന്നേക്കര്‍), മുഹമ്മദ് (4.80 ഏക്കര്‍), സിനി (1.70 ഏക്കര്‍), ശ്രീദേവി (3.50 ഏക്കര്‍), കെ.പി. സരസ്വതി (3.50 ഏക്കര്‍) എന്നിങ്ങനെ കൈയേറ്റം.
സര്‍ക്കാര്‍ ഭൂമിയില്‍ ഗ്രാന്റീസ് കൃഷി നടത്തി കോടികളുടെ അധിപനായ വ്യക്തിയെക്കുറിച്ച് വിവരങ്ങളുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
















