സ്‌കൂളുകളില്‍ പുസ്തകം, ബാഗ്, സ്‌റ്റേഷനറി സാധനങ്ങള്‍ എന്നിവയുടെ വില്‍പ്പന നിരോധിച്ച് സിബിഎസ്ഇ പുറത്തിറക്കിയ സര്‍ക്കുലര്‍
കൊച്ചി: പാഠപുസ്തകവും യൂണിഫോമും കൂടിയ വിലയ്‌ക്ക് വില്‍പ്പന നടത്തി കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകള്‍ ഓരോ വര്‍ഷവും കൊള്ളയടിക്കുന്നത് 2,000 കോടിയോളം രൂപ. പുസ്തകവും നോട്ട്ബുക്കുകളും മാത്രം വില്‍പ്പന നടത്തി 1,290 കോടിയാണ് കേരളത്തിലെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകള്‍ അക്കൗണ്ടിലാക്കുന്നത്. 645 കോടി വരും യൂണിഫോം നല്‍കിയുള്ള തട്ടിപ്പ്.
പുസ്തകം, യൂണിഫോം, ബാഗ് എന്നിവ സ്‌കൂള്‍ വഴി വിറ്റാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കാണിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) ഏപ്രില്‍ 19ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, ഇതെല്ലാം കാറ്റില്‍ പറത്തിയാണ് സ്‌കൂളുകളില്‍ കച്ചവടം പൊടിപൊടിക്കുന്നത്.
2011ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 797 സിബിഎസ്ഇ സ്‌കൂളുകളിലായി 43 ലക്ഷം കുട്ടികള്‍ പഠിക്കുന്നു. ഇതിനു ശേഷം സ്‌കൂളുകളുടെ എണ്ണം 1,249 ആയി ഉയര്‍ന്നു. ഇതിലേറെയും സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളാണ്. ഇവിടെ ഓരോ കുട്ടിയില്‍ നിന്നും 3,000 രൂപ പുസ്തകത്തിനായി അധികം വാങ്ങുന്നു. യൂണിഫോമിന് ഓരോ കുട്ടിയും അധികമായി നല്‍കുന്നത് 1,500 രൂപ. ഇംഗ്ലീഷ് മീഡിയത്തിന് വ്യാപക പ്രചാരം വന്നതോടെ പാവപ്പെട്ട കുടുംബങ്ങളും കുട്ടികളെ സിബിഎസ്ഇ സ്‌കൂളുകളിലേക്ക് അയയ്‌ക്കുന്നത് വര്‍ധിച്ചു. എന്നാല്‍, പാവപ്പെട്ടവര്‍ക്കുപോലും ഇളവു നല്‍കാതെയാണ് ചൂഷണം.
സിബിഎസ്ഇ ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കാന്‍ മൂന്ന് പുസ്തകം മാത്രം മതി. ഇതിന് 150 രൂപ ആകെ ചെലവ്. പത്ത് നോട്ട്ബുക്കുകളും കൂടി കണക്കാക്കിയാല്‍ ഒരു വര്‍ഷത്തെ ചെലവ് 400 രൂപ. മൂന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ക്കും പരമാവധി 900 രൂപയേ പുസ്തകത്തിനും നോട്ട്ബുക്കുകള്‍ക്കുമായി വേണ്ടിവരൂ. എന്നാല്‍, 1,500 രൂപ മുതല്‍ 4,000 രൂപ വരെയാണ് പല സ്‌കൂളുകളും വാങ്ങുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്ന വില പുസ്തകത്തില്‍ രേഖപ്പെടുത്തി അച്ചടിച്ച് നല്‍കാന്‍ സ്വകാര്യ പ്രസാധകര്‍ ഏറെയുണ്ട്.
ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും യൂണിഫോമില്‍ മാറ്റംവരുത്തിയാണ് പല സ്‌കൂളുകളും കൊള്ള നടത്തുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നേരിട്ട് വിതരണം ചെയ്യുന്ന മൂന്നു സെറ്റ് യൂണിഫോമിന് പുറത്തെ കടകളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 1,500 രൂപയോളം അധികം വില വരും. പുറത്തുനിന്ന് വാങ്ങിയാല്‍ യൂണിഫോം വ്യത്യസ്തമാകുമെന്ന കാരണം പറഞ്ഞാണ് മാനേജ്‌മെന്റുകളുടെ തട്ടിപ്പ്. ഇതിനെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സിബിഎസ്ഇ സ്‌കൂളുകളിലെ കച്ചവടത്തിനെതിരെ സര്‍ക്കുലര്‍ ഇറക്കിയത്.
സര്‍ക്കുലര്‍ മറികടക്കാന്‍ മറുതന്ത്രം മെനഞ്ഞ മാനേജുമെന്റുകളുണ്ട്. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പുസ്തക വിതരണം ഒരു റിസോര്‍ട്ടില്‍ നടത്തിയെന്ന് പരാതിയുയര്‍ന്നു.
















