ആര്‍എസ്എസ് നേതാവ് ബിജുവിനെ വധിച്ച അക്രമികള്‍ സഞ്ചരിച്ച കാര്‍
കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന കക്കംപാറയിലെ സി. ബിജുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സിപിഎമ്മുകാരായ ഏഴു പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു.
സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ റെനീഷ്, അനൂപ് എന്നിവരാണ് കൊലപാതകത്തിനു നേതൃത്വം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 60 എല്‍ 7633 നമ്പര്‍ ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു. രാമന്തളി സ്വദേശി കാര്‍ ഉടമ ബിനോയ്, കാര്‍ വാടകയ്‌ക്കെടുത്ത ഡ്രൈവര്‍ ജിതേഷ്, മറ്റൊരു സിപിഎമ്മുകാരന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
കൊല നടന്ന സ്ഥലത്തിനു സമീപത്തെ കടകളിലും വീടുകളിലും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളില്‍ നിന്നാണ് കാര്‍ തിരിച്ചറിഞ്ഞത്. കേസ് അന്വേഷിക്കുന്ന തളിപ്പറമ്പ് സിഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
മുളകുപൊടിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ കാറിനകത്തുണ്ടായിരുന്നു. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎം നേതൃത്വത്തിന്റെ വാദം പൊളിഞ്ഞു.
















