കണ്ണൂര്‍: ക്ഷേത്ര ആചാരങ്ങളുമായി അഭേദ്യബന്ധമുള്ള വെളുത്തേടത്ത് നായര്‍ വിഭാഗങ്ങള്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് വെളുത്തേടത്ത് നായര്‍ സമാജം സംസ്ഥാന പ്രസിഡന്റ് ടി.എ. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. സമാജം ജില്ലാ സമ്മേളനം കല്യാശേരി പിസിആര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി.വി.ഗോവിന്ദന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി. ഗോപാലകൃഷ്ണന്‍ നായര്‍ നയവിശദീകരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സി.ഹരിദാസന്‍ മുതിര്‍ന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന കലോത്സവങ്ങളില്‍ മികച്ചവിജയം കരസ്ഥമാക്കിയ കലാപ്രതിഭകള്‍ക്ക് ഡോ. കെ.വി.പവിത്രന്‍ ഉപഹാരം നല്‍കി. സംസ്ഥാനസമിതി അംഗം ഇ.എസ്.രാധാകൃഷ്ണന്‍, വി.കൃഷ്ണന്‍, സന്തോഷ് തെക്കേടത്ത്, അഡ്വ.പയ്യന്നൂര്‍ ഷാജി, കെ.പ്രമോദ് കുമാര്‍, എം.ബി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ.ഹരിദാസന്‍ സ്വാഗതവും അഡ്വ.എ.വി.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. യോഗാനന്തരം കലാപ്രതിഭകളുടെ പരിപാടികളുമുണ്ടായിരുന്നു.
















