കല്‍പ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മുന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിസിലി മൈക്കിള്‍(48) സൗദി അറേബ്യയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി. സഹോദരന്‍ പള്ളിക്കുന്ന് ചുണ്ടക്കര മാവുങ്കല്‍ ജോണ്‍സനാണ് പോലീസില്‍ പരാതി നല്‍കിയത്.
മരിക്കുന്നതിന് കുറച്ചു ദിവസം മുമ്പ് സിസിലി തന്നെ വിളിച്ച് തിരിച്ചുവരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതിയിലുണ്ട്. ഏജന്റുമാരെ ബന്ധപ്പെട്ടെങ്കിലും കൈമലര്‍ത്തുകയായിരുന്നുവെന്നും ജോണ്‍സണ്‍ പറഞ്ഞു. നാട്ടിലെത്തിച്ച സിസിലിയുടെ മൃതദേഹം പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
സൗദി അറേബ്യയിലെ ഹൈയിലിലെ കിങ് ഖാലിദ് ആശുപത്രിയില്‍ ഏപ്രില്‍ 24നാണ് സിസിലി മരിച്ചത്. 2017 ജനുവരി ആദ്യമാണ് നഴ്‌സറി കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് സിസിലി പോയത്. 2500 റിയാല്‍ ശമ്പളം വാഗ്ദാനം ചെയ്ത് മീനങ്ങാടി സ്വദേശികളായ സലീം, റഫീഖ്, കല്‍പറ്റയിലെ സഫിയ എന്നിവര്‍ റോളക്‌സ് ട്രാവല്‍സ് മുഖേനേയാണ് അയച്ചത്.
















