പന്ത്രണ്ട് വര്‍ഷക്കാലം എളമക്കരയിലെ ആര്‍എസ്എസ് പ്രാന്തകാര്യാലയത്തില്‍ ഒരേമുറിയില്‍ കഴിഞ്ഞുകൂടിയ മുതിര്‍ന്ന സ്വയം സേവകരില്‍ പ്രചാരകന്‍ കഴിഞ്ഞ ദിവസം ജീവിതം അവസാനിച്ച പി. ചന്ദ്രശേഖരനും, പ്രചാരകനല്ലാത്തയാള്‍ ഈ ലേഖകനുമായിരുന്നു. അതിന് മുമ്പ് 1960 മുതലെങ്കിലും ഞങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കേരളത്തിലെ ഇത്രയേറെ ആളുകളുടെ സ്‌നേഹാദരങ്ങളും മമതയും ഏറ്റുവാങ്ങിയ പൊതുപ്രവര്‍ത്തകന്‍ വേറെയുണ്ടാവില്ല. ചന്ദ്രശേഖരന് താല്‍പര്യമില്ലാത്ത മേഖല ഉണ്ടായിരുന്നില്ല. അതുതന്നെ അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.
1960 ലോ 61 ലോ എന്നോര്‍മ്മയില്ല, സംഘശിക്ഷാവര്‍ഗില്‍ ഞാന്‍ ശിക്ഷകായിരുന്ന ഗണത്തിലെ ശിക്ഷാര്‍ഥിയായിരുന്നു അദ്ദേഹം. അക്കാലത്ത് കൊല്ലത്ത് പ്രചാരകനായിരുന്ന മാധവ്ജിയാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹം കോളജ് വിദ്യാര്‍ത്ഥിയായിരുന്നു. മാധവ്ജിക്ക് മുമ്പ് ഭാസ്‌കര്‍ജി കൊല്ലത്ത് പ്രചാരകനായിരിക്കെയാണ് സംഘവുമായി ബന്ധപ്പെട്ടതെന്ന് തോന്നുന്നു. കൊട്ടാരക്കരക്കാരനായി അദ്ദേഹം അറിയപ്പെട്ടു. ബിഎഡ് കഴിഞ്ഞ അദ്ദേഹം ശിക്ഷകനായത്(അദ്ധ്യാപകന്‍ എന്ന അര്‍ഥത്തിലല്ല) സംഘപ്രചാരകന്‍ എന്ന നിലയ്‌ക്കായിരുന്നു. ഓരോ കാര്യത്തെയും അപഗ്രഥാത്മകമായി പഠിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. അത് ആരോഗ്യം അനുവദിച്ച കാലമത്രയും നടന്നു. ഏതുവിഷയം പഠിക്കാനും അതിന്റെ കാതല്‍ കണ്ടെത്താനുമുള്ള ഔത്സുക്യം അന്യാദൃശമായിരുന്നുവെന്നു പറയാം.
സംഘപ്രചാരകന് എന്ത് ചെയ്യാനും മടിയുണ്ടാവരുതെന്ന് ആദ്യകാല പ്രചാരകനായിരുന്ന ദാദാജി പരമാര്‍ഥ് പറയുമായിരുന്നു. അയാളുടെ ജോലി സംഘടിപ്പിക്കുക എന്നതാണ്. ചന്ദ്രശേഖരന്‍ ഹോമിയോപതി സ്വയം പഠിച്ച് അതില്‍ കൃതഹസ്തനായി ആ ചികിത്സാരീതിയെക്കുറിച്ച് പ്രസിദ്ധീകൃതമായ ഓരോ പുസ്തകവും കൈവശമാക്കി. അക്കൂട്ടത്തില്‍ ഹോമിയോ ഭൈഷജ്യരത്‌നാവലി എന്ന അസുലഭമായ ഗ്രന്ഥവുമുണ്ട്. മലയാള ശ്ലോകമായിട്ടാണതിലെ വരികള്‍. പ്രചാരകനായി ഗ്രാമാന്തരങ്ങളില്‍ ചുറ്റിസഞ്ചരിക്കുമ്പോള്‍ സ്വയംസേവകരുടെ വീടുകളില്‍ അക്കാലത്തെ ദാരിദ്ര്യം നിറഞ്ഞ പരിതസ്ഥിതിയില്‍ എത്രയെത്ര പേര്‍ അദ്ദേഹത്തിന്റെ ഈ കഴിവുകൊണ്ട് പ്രയോജനം സിദ്ധിച്ചവരായിക്കാണും. മാജിക് അഭ്യസിച്ചതായിരുന്നു മറ്റൊരു കാര്യം. ബാലസ്വയം സേവകരെയും മറ്റുള്ളവരെയും ആകര്‍ഷിക്കുവാനും സുഹൃത്തുക്കളാക്കാനും മാജിക് ഉപകരിച്ചു. ഹിപ്പ്‌നോട്ടിസത്തിലും ഒരു കൈ നോക്കിയെന്നു ഞാന്‍ മനസിലാക്കുന്നു. ജ്യോതിഷമായിരുന്നു താല്‍പര്യമുള്ള മറ്റൊരു വിഷയം.
തന്റെ ഈ രംഗത്തുള്ള വിപുലമായ പരിചയം സംഘത്തിന് പ്രയോജനപ്പെടുത്തി.
ചന്ദ്രശേഖരന്റെ ചികിത്സ തേടിയവരില്‍ സംഘത്തിന്റെ പല ഉയര്‍ന്ന അധികാരിമാരുമുണ്ട്. മാനനീയ ശേഷാദ്രിജിയും, കൃഷ്ണപ്പാജിയും സുദര്‍ശന്‍ജിയും (സര്‍സംഘ ചാലക് ആകുന്നതിന് മുമ്പ്) താന്താങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളുമായി സമീപിച്ചിരുന്നത് സഹമുറിയനായിരുന്ന എനിക്ക് നേരിട്ട് അറിയാം. വളരെകുറച്ച് മാത്രം ഒൗഷധസേവയെന്ന ഹോമിയോ സിദ്ധാന്തത്തെ അദ്ദേഹം പാലിച്ച് വന്നു. അക്കാര്യത്തില്‍ പ്രശസ്തരായ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ഉപദേശം തേടുമായിരുന്നു. ചികിത്സാ ക്രമങ്ങളും അനുഭവങ്ങളും കുറിച്ചുവയ്‌ക്കുന്ന ശീലവുമുണ്ടായിരുന്നു.
ജ്യോതിശാസ്ത്ര രംഗത്ത് താല്‍പര്യപൂര്‍വ്വം പഠനം നടത്തി പാശ്ചാത്യപൗരസ്ത്യ സമ്പ്രദായത്തിലുള്ള ആ ശാസ്ത്ര വളര്‍ച്ച സസൂഷ്മം നീരിക്ഷിച്ചിരുന്നു. അത് സംബന്ധമായ പ്രായോഗിക പരീക്ഷണങ്ങള്‍ നടത്തി. പ്രസിദ്ധമായ ഹാലിയുടെ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെടുന്ന സമയം (1992 ല്‍ ആണെന്ന് തോന്നുന്നു) പത്രങ്ങളില്‍ വന്നപ്പോള്‍ ചന്ദ്രശേഖരന്‍ ഒരു ടെലസ്‌കോപ്പ് നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചു.
അതിനാവശ്യമായ കുഴലുകള്‍, ലെന്‍സുകള്‍, സ്റ്റാന്റുകള്‍ മുതലായവരുടെ സ്‌കെച്ച് വളരെ ശ്രമകരമായ കണക്കുകൂട്ടലുകള്‍ക്കുശേഷം വരച്ചുണ്ടാക്കി പലയിടങ്ങളില്‍നിന്നുമായി വിലയ്‌ക്കുവാങ്ങി കൂട്ടിയിണക്കാന്‍ മാസങ്ങളെടുത്തു. ടെലസ്‌കോപ്പിലെ പ്രതിഛായയെ നേരെയാക്കുന്നതിന് ഒരു ഇറക്ടിങ് ലെന്‍സും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചു. മുഴുവന്‍ തയ്യാറാക്കി കാര്യാലയത്തിന് പടിഞ്ഞാറുണ്ടായിരുന്ന വിശാലമായ പാടത്തി (ഇന്നത്തെ സരസ്വതി വിദ്യാലയവും ഭാസ്‌കരീയവും ഇരിക്കുന്ന സ്ഥലം) നക്കരെയുള്ള തെങ്ങിന്‍തോപ്പിലേക്ക് അത് തിരിച്ചുവച്ച് ഫോക്കസ് ചെയ്യിച്ചു. എല്ലാവരെയും വിസ്മയിപ്പിച്ച് ടെലസ്‌കോപ്പ് കാര്യാലയത്തിന്റെ മട്ടുപ്പാവില്‍ സ്ഥാപിച്ച് കാര്യാലായവാസികളില്‍ തല്‍പ്പരരായവര്‍ക്ക് നക്ഷത്രപഠനവും നടത്തി. ഹാലിയുടെ വാല്‍നക്ഷത്രം ഉദിച്ചപ്പോള്‍ പലരും പ്രതീക്ഷിച്ച നീണ്ട വാല്‍ നന്നായി ദൃശ്യമായിരുന്നില്ല. എന്നാല്‍ പുതിയ ടെലസ്‌കോപ്പില്‍ അത് കാണാമായിരുന്നു. അത് കാര്യാലയ വാസികളില്‍ താല്‍പര്യമുള്ളവരെ കാണിച്ച് കൃതാര്‍ത്ഥനായി.
ശൂന്യാകാശത്തെ നവംനവങ്ങളായ കാര്യങ്ങളില്‍ സ്വാഭാവികമായ താല്‍പര്യം കാട്ടി. അമേരിക്കയിലെ ‘നാസ’ വിക്ഷേപിച്ച അനന്തതയുടെ പര്യവേഷണം നടത്തുന്ന ഹബിള്‍ ദൂരദര്‍ശിനി ബഹിരാകാശത്ത് നിന്നയച്ച പ്രപഞ്ചത്തിന്റെ ലക്ഷക്കണക്കിന് നക്ഷത്ര സമൂഹങ്ങളുടെയും ആകാശഗംഗയുടെയും ചിത്രങ്ങള്‍ സംയോജിപ്പിച്ച് പ്രസിദ്ധീകരിച്ച മനോഹരവും വിശാലവുമായ(വിടര്‍ത്തിയ രണ്ട് ഡബിള്‍ ഡമിപത്രങ്ങള്‍ ചേര്‍ത്തത്രവലിപ്പം) വര്‍ണ്ണചിത്രം സമ്പാദിച്ച് കാര്യാലയത്തില്‍ വരുന്നവരെ കാണിച്ച് വിശദീകരിച്ചിരുന്നു.
”ബ്രഹ്മാണ്ഡ ഹര്‍മ്യത്തില്‍ മേല്‍ത്തട്ടും
കീഴ്‌ത്തട്ടും നിര്‍മ്മലമായി വിളങ്ങി മേന്മേല്‍
ഇപ്പടിനൂറുനൂറായിരം ഹര്‍മ്മ്യങ്ങള്‍ എപ്പോഴും പുത്തനായി വച്ചുപോറ്റി” എന്ന് മഹാകവി വള്ളത്തോള്‍ വര്‍ണ്ണിച്ചതിന്റെ നേര്‍ക്കാഴ്‌ച്ചയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
ഇടയ്‌ക്ക് അദ്ദേഹത്തിന് പുരാവസ്തുക്കളിലും കല്ലുകളിലും താല്‍പര്യമുദിച്ചു. കല്ല് ശേഖരണം നടത്തി. വിദ്യാനികേതന്റെയും ഉന്നതാധ്യാപക സംഘടനയുടെയും ചുമതലക്കാരനായി ഭാരതത്തില്‍ സഞ്ചരിക്കാന്‍ കിട്ടിയ അവസരം രാജ്യത്തെങ്ങുനിന്നുമുള്ള കല്ലുശേഖരണത്തിന് ഉപയോഗിച്ചത് ചന്ദ്രശേഖരനോ, ശിലാശേഖരനോ എന്ന് ഞാന്‍ അന്വേഷിച്ചത് അത്ര രസിച്ചില്ലെങ്കിലും പിന്നീട് ദിവസവും ഉറക്കംപോലും മാറ്റിവച്ചും വിവിധ തരം കല്ലുകളുടെ ഗുണവും തരവും മൂല്യവും മറ്റും എന്നെ മനസിലാക്കിപ്പിച്ചും, നവരത്‌നങ്ങളുടെ നല്ല ശേഖരം ഉണ്ടാക്കി അത് ആല്‍ബത്തിലാക്കി ഓരോ രത്‌നത്തിന്റെയും ഗുണമേന്മ അനുസരിച്ചുള്ള നിറഭേദങ്ങളും മറ്റും ചൂണ്ടിക്കാട്ടി തന്നു. മുറിയിലെ അദ്ദേഹത്തിന്റെ മൂലയില്‍ ഉണ്ടായ കല്‍ക്കൂമ്പാരം കണ്ട് ഇവിടെ റോഡ് പണി നടക്കുന്നോണ്ടോ എന്നും ചിലര്‍ അന്വേഷിച്ചിരുന്നു. സ്വഭാവികമായ ശിലകളെ തരംതിരിച്ചും ഫോസിലുകളുടെ സ്വഭാവം അനുസരിച്ച് വിവരിച്ചതുമായിരുന്നു അവ.
ഹിമാചല്‍ പ്രദേശില്‍ ഒരു പരിപാടിക്ക് പോയിവരുമ്പോള്‍ പ്രാചീനകാലത്ത് കടലാസിന്റെ സ്ഥാനം വഹിച്ചിരുന്ന ഭുര്‍ജപത്രത്തിന്റെ ഒരു അടുക്ക് കൊണ്ടുവന്നു. സാധാരണ കടലാസിന്റെ കനംമാത്രമുള്ള ഇലകള്‍ കൃത്യമായി അടുക്കി വെച്ച് കുത്തിക്കെട്ടിയ ആ ഭുര്‍ജപത്ര അട്ടി മനോഹരമായിരുന്നു. അതില്‍ എഴുതാന്‍ ഉപയോഗിച്ച എഴുത്താണിയും സമ്പാദിച്ചു. കസ്തൂരി മൃഗത്തിന്റെ സുഗന്ധസ്രാവഗ്രന്ഥി ഭംഗിയായി പഞ്ഞിയില്‍ പൊതിഞ്ഞുകെട്ടിയതും സംഘടിപ്പിച്ചിരുന്നു.
ഗുരുവായൂര്‍ ക്ഷേത്ര വിമോചനസമരം, അയോധ്യ പ്രക്ഷോഭം മുതലായ അവസരങ്ങളില്‍ ആവേശം പ്രസരിപ്പിക്കുന്ന ഗീതങ്ങള്‍ തയ്യാറാക്കി വാദ്യവൃന്ദസഹിതം പാടിച്ച് കാസറ്റുകള്‍ ഇറക്കിയിരുന്നു. ഒന്നാംതരം ഭിഷഗ്വരനായി അനവധിപ്പേര്‍ക്ക് ആശ്വാസം നല്‍കിയെങ്കിലും സ്വന്തം ആരോഗ്യം വേണ്ടവിധം സംരക്ഷിക്കുന്നതില്‍ ശ്രദ്ധിക്കാത്തതിന്റെ ഫലം അദ്ദേഹത്തിനുണ്ടായി. ബഹുജനഹിതായ ബഹുജനസുഖായ എന്ന ആപ്തവാക്യത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു ചന്ദ്രശേഖരന്.
















