ചെറുപുഴ: കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ചെറുപുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ വെള്ളം തുറന്നുവിട്ടു. കഴിഞ്ഞദിവസം ഇതരസംസ്ഥാന തൊഴിലാളിയായ യുവാവാണ് ബ്രിഡ്ജിലെ മരപ്പലകകള്‍ എടുത്തുമാറ്റിയത്. ഈ സമയം പുഴയില്‍ വെള്ളമെടുക്കാനെത്തിയവര്‍ ഇതിനെ ചോദ്യം ചെയ്തതോടെ യുവാവ് മരപ്പലക വീണ്ടും പുനഃസ്ഥാപിച്ചു. എന്നാല്‍ പിന്നിട് വീണ്ടും പലകകള്‍ നീക്കം ചെയ്തു. കരാറുകാരന്‍ പറഞ്ഞതിനാലാണു തടയണ തുറന്നുവിട്ടതെന്നാണ് യുവാവ് പറയുന്നത്. തടയണ തുറന്നുവിട്ടതോടെ പുഴയിലെ ജലനിരപ്പ് താഴുകയും കരഭാഗം കാണുവാനും തുടങ്ങി. തടയണ ചോര്‍ന്നൊലിക്കുന്നതായും ഇതേക്കുറിച്ചു വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ചോര്‍ച്ച കാണാതിരിക്കാനാണ് തടയണ തുറന്നുവിട്ടതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
തടയണയിലെ ജലനിരപ്പ് കുറഞ്ഞതോടെ സമീപത്തെ ചെറിയ പുഴ വറ്റിവരണ്ടു. ഇതോടെ സമീപത്തെ കിണറുകളും കുളങ്ങളും വറ്റാന്‍ തുടങ്ങി. കഴിഞ്ഞ ദിവസങ്ങില്‍ ചോര്‍ച്ച രൂക്ഷമായതിനെത്തുടര്‍ന്ന് ജനങ്ങള്‍ കൂടുതല്‍ പരാതിയുമായി രംഗത്ത് വന്നതോടെയാണ് ചോര്‍ച്ച കാണാതിരിക്കാന്‍ തടയണ തുറന്ന് വിട്ടത്. പാലത്തിന്റെ തൂണിലും വിള്ളല്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് ഡാം തുറന്ന് വിട്ടത്.
















