ഇരിട്ടി: ആറളംഫാം ആദിവാസി പുനരധിവാസമേഖലയിലും ആറളം വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി അക്രമങ്ങള്‍ നടത്തുകയും, നാല് പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത ചുള്ളിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടി. വനപാലകരും മയക്ക് വെടി വിദ്ഗദന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയും ചേര്‍ന്ന് ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചുള്ളികൊമ്പനെ തളച്ചത്. ബ്ലോക്ക് മൂന്നില്‍ നിന്ന് ഇന്നലെ ഉച്ചക്ക് 12.30ന് ആദ്യ മയക്ക് വെടി നല്‍കിയെങ്കിലും മയക്ക് വെടി വെച്ചയുടന്‍ പാഞ്ഞടുത്ത രണ്ട് കാട്ടാനകള്‍ ചുള്ളികൊമ്പന് സംരക്ഷണം നല്‍കിയതിനാല്‍ നീക്കം വിജയിച്ചില്ല. ഈ ആനകളെ പടക്കം പൊട്ടിച്ച് തുരത്തിയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടരയോടെ രണ്ടാമത്തെ മയക്ക്‌വെടി നല്‍കി. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ചുള്ളികൊമ്പനെ ഉള്‍വനത്തില്‍ നിന്ന് റോഡിലേക്ക് നടത്തുമ്പോള്‍ ഫാമിലും പരിസരത്തും ഉണ്ടായ കനത്ത കാറ്റിലും മഴയിലും നീക്കം വീണ്ടും തടസപെട്ടു. തല്‍ക്കാലികമായി ചുള്ളികൊമ്പനെ തളച്ച മരവും കാറ്റില്‍ കടപുഴകി. പിന്നീട് മഴ കുറഞ്ഞപ്പോള്‍ കുങ്കിയാനകളുടെ സഹായത്തോടെ റോഡിലെത്തിച്ചു. ഇവിടെ നിന്ന് ലോറിയില്‍ കയറ്റിയാണ് വളയംചാലില്‍ എത്തിച്ചത്.ഇന്നലെ രാത്രി എട്ടോടെയാണ് ആനയെ പിടികൂടി ലോറിയില്‍ കയറ്റി വളയംചാലില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലെത്തിക്കാനായത്. ഇവിടെ നിന്നും ആനയെ കുങ്കിയാനകളുടെ സഹായത്തോടെ മെരുക്കിയ ശേഷം കോടനാട് ആന വളര്‍ത്ത് കേന്ദ്രത്തിലേക്ക് മാറ്റും.
പ്രത്യേകം തയ്യാറാക്കിയ ആനക്കൂട്ടിലേക്കു വെടിയേറ്റ ചുള്ളികൊമ്പനെ മാറ്റുന്നതിനായി പരിശീലനം സിദ്ധിച്ച മൂന്ന് കുങ്കിയാനകളെ കഴിഞ്ഞ രണ്ട് ദിവസമായി ഫാമില്‍ എത്തിച്ചിരുന്നു. വയനാട്ടിലെ മുത്തങ്ങയില്‍ നിന്നും രണ്ടും കര്‍ണ്ണാടകത്തില്‍ നിന്ന് ഒന്നിനെയുമാണ് എത്തിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാലോളം പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ മരിച്ചത്. പുനരധിവാസ മേഖലയിലും കൃഷിയിടത്തിലും ഇറങ്ങുന്ന കാട്ടാനകള്‍ ആദിവാസി കുടിലുകളും മറ്റും തകര്‍ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. ചുള്ളികൊമ്പനെ മാത്രം പിടിച്ചാല്‍ തീരുന്നതല്ല ഇവിടുത്തെ പ്രശ്‌നം. മോഴയുള്‍പെടെ പതിനഞ്ചോളം കാട്ടാനകളാണ് ജനവാസമേഖലയില്‍ വിഹരിക്കുന്നത്. ചുളളികൊമ്പനെ ഇന്നലെ പിടിക്കുമ്പോഴും ഈ ആനയാണോ ഇത്രയും ജീവനെടുത്തതെന്ന കാര്യത്തില്‍ വനംവകുപ്പിന് ഉറപ്പില്ലന്ന് ആദിവാസികളും ജനപ്രതിനിധികളും പറയുന്നത്. അതുകൊണ്ട് തന്നെ ഫാമിലിറങ്ങന്ന പതിനഞ്ചോളംവരുന്ന ആനകളെയും ജനവാസ കേന്ദ്രത്തില്‍ നിന്ന് പിടികൂടണമെന്ന ആവശ്യം ശക്തമാണ്
ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രില്‍ 5 ന് ഫാമിലെ കൈതച്ചക്ക കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന തോട്ടം വാച്ചറായ റജി അബ്രഹാമിനെ ചവിട്ടിക്കൊന്നിരുന്നു. ഓരോ മരണവും ഉണ്ടാവുമ്പോഴും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്താറുണ്ടെങ്കിലും പ്രശ്‌നപരിഹാരം മാത്രം ഉണ്ടാവാറില്ല. ജില്ലാഭരണകൂടവും വനം വകുപ്പ് അധികൃതരും രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍, ആദിവാസി സംഘടനാ നേതാക്കള്‍ എന്നിവരുമായി ഉന്നതതലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ആക്രമണകാരിയെന്ന് കരുതുന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.
















