ന്യൂദല്‍ഹി: പരിശോധനയുടെ പേരില്‍ ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ദേശീയ ഷൂട്ടിംഗ് താരങ്ങളെ 12 മണിക്കൂറിലധികം തടഞ്ഞു വച്ചു.
ചൊവ്വാഴ്ച ചെക്ക് റിപ്പബ്ലിക്കിലെ പ്ലെസനില്‍ ഷൂട്ടിംഗ് ഗ്രാന്‍ഡ് പ്രീയിലും സൈപ്രസില്‍ ലോകകപ്പിലും പങ്കെടുത്തു മടങ്ങിയെത്തിയ താരങ്ങള്‍ക്കാണ് വിമാനത്താവളത്തില്‍ വച്ച് ദുരനുഭവം നേരിട്ടത്.
താരങ്ങളുടെ ബാഗുകളിലുണ്ടായിരുന്ന തോക്കുകളും വെടിയുണ്ടകളുമാണ് പ്രശ്‌നകാരണമായത്. സംഭവത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ഇവരുടെ യാത്രയും പ്രതിസന്ധിയിലായി.
അതേസമയം, വിമാനത്താവള അധികൃതരുടെ നടപടിയില്‍ ഒളിമ്പിക്‌സ് ജേതാവ് അഭിനവ് ബിന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഷൂട്ടിംഗ് താരങ്ങള്‍ രാജ്യത്തിന്റെ പ്രതിനിധികളാണ് അവരോടുള്ള ഈ പെരുമാറ്റം മോശമായി പോയെന്നും ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
















