ബാഴ്‌സലോണ: ലയണല്‍ മെസിക്ക് ക്രിസ്റ്റ്യാനൊയോടും, അര്‍ജന്റീനക്കാര്‍ക്ക് ഇംഗ്ലണ്ടിനോടുമുള്ള പോര് പ്രസിദ്ധം. ആദ്യത്തേതിനു പിന്നില്‍ കളത്തിലെ വൈരാഗ്യം, രണ്ടാമത്തേത് രാഷ്‌ട്രീയം. ലയണല്‍ മെസിയുടെ ഒരു കൗതുകം കണ്ടാല്‍ അതില്‍ കാര്യമുണ്ടെന്നു തോന്നും.
പതിമൂന്ന് വര്‍ഷം നീണ്ട കളി ജീവിതത്തിനിടെ ലഭിച്ച സഹതാരങ്ങളുടെ ജേഴ്‌സികളില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയില്ല, ഇംഗ്ലീഷ് താരങ്ങളും. കഴിഞ്ഞ ദിവസം മെസി തന്നെയാണ് ഈ വസ്ത്രശേഖരത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ബാഴ്‌സലോണയിലും അര്‍ജന്റീന ടീമിലും ഒപ്പം കളിച്ചവരുടെയും എതിരാളികളുടെയും വസ്ത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ക്രിസ്റ്റ്യാനൊയ്‌ക്കെതിരെയും ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെയും പലവട്ടം മെസി ബൂട്ടണിഞ്ഞുവെങ്കിലും അതു സൂക്ഷിച്ചില്ലെന്നു ചുരുക്കം.
ക്രിസ്റ്റ്യാനൊയോട് താരതമ്യപ്പെടുത്തിയാണ് മെസിയെ എപ്പോഴും അവതരിപ്പിക്കാറുള്ളത്. ശത്രുതയില്ലെന്ന് പരസ്യമായി പറയുന്നെങ്കിലും ചെറിയ അസ്വസ്ഥതകളുണ്ടെന്ന് വ്യക്തം. ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള രാഷ്‌ട്രീയ കാരണങ്ങള്‍ ഇംഗ്ലീഷ് താരങ്ങളെ വിലക്കി. ഇവര്‍ തമ്മിലുള്ള രാജ്യാന്തര ഫുട്‌ബോള്‍ പോരാട്ടം കളിക്കാരിലും ആരാധകരിലും ആവേശം അതിരു തകര്‍ക്കാറുമുണ്ട്.
തിയറി ഹെന്റി, റൗള്‍, ഇകര്‍ കസിയസ്, ഫ്രാന്‍സിസ്‌കോ ടോട്ടി, പാവെല്‍ നെദ്‌വെദ്, ഫിലിപ്പ് ലാം, സെര്‍ജിയൊ അഗ്വെയ്‌റൊ, യായ ടുറെ തുടങ്ങി റയല്‍ സോസിഡാഡിന്റെ സാബി പ്രീറ്റൊ, ഖത്തര്‍ ടീം ലെഖ്‌വിയയുടെ യൂസഫ് അല്‍ അറബി എന്നിവരുടെ വസ്ത്രങ്ങള്‍ കൂട്ടത്തിലുണ്ട്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍, അര്‍ജന്റീന, ഉറുഗ്വെ, മെക്‌സിക്കൊ, ഐവറികോസ്റ്റ്, നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി, ബ്രസീല്‍, ഗ്വിനിയ, മൊറോക്കൊ, ചെക്ക് റിപ്പബ്ലിക്ക്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളും പെടും.
















