മുംബൈ: ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്‌സ് കമ്പനിയിലെ ജീവനക്കാരനാണ് ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്.ധോണിയെന്ന് ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദി. ഇതു സംബന്ധിച്ച തെളിവും ലളിത് മോദി പുറത്തുവിട്ടു. ധോണിയെ കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പാണ് ലളിത് മോദി ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ലളിത് മോദി പുറത്തുവിട്ടിരിക്കുന്ന കരാര്‍ പ്രകാരം 2012 ജൂലൈ 29 മുതല്‍ ധോണി കമ്പനിയിലെ ജീവനക്കാരനാണ്. ഗ്രേഡ് അഞ്ച് വിഭാഗത്തിലെ ജീവനക്കാരനായ ധോണിയുടെ പ്രതിമാസ ശമ്പളവും കരാറില്‍ വ്യക്തമാണ്. 43,000 രൂപ.
ഇന്ത്യാ സിമന്റ്‌സ് കമ്പനിയുടെ ഐപിഎല്‍ ടീമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായിരുന്നു ധോണി. ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് സുപ്രീംകോടതി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിലക്കുന്നത് വരെ ധോണി ടീമിന്റെ നായകനായി തുടര്‍ന്നിരുന്നു. തുടര്‍ച്ചയായി എട്ട് വര്‍ഷമാണ് ധോണി ടീമിന്റെ നായക കുപ്പായം അണിഞ്ഞത്.
It seems only in #india #contempt after contempt continues by the #old #guards of @bcci – How ? My best guess is #northblock pic.twitter.com/J3Z1kJgtvM
— Lalit Kumar Modi (@LalitKModi) May 8, 2017
ഐപിഎല്‍ കോഴ വിവാദമുണ്ടായ സമയത്ത് ധോണി ഇന്ത്യാ സിമന്റ്‌സിലെ ജീവനക്കാരനാണെന്ന വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം വാര്‍ത്ത നിഷേധിക്കുകയായിരുന്നു. ശ്രീനിവാസന്റെ മരുമകനായിരുന്ന ഗുരുനാഥ് മെയ്യപ്പനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചുമതലയുണ്ടായിരുന്നത്. കോഴ വിവാദത്തില്‍ ഗുരുനാഥ് മെയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
















