ഇരിട്ടി: തലശ്ശേരി മൈസൂര്‍ റയില്‍വേ നടപടികള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 145.5 കിലോമീറ്റര്‍ മാത്രം ദൂരം വരുന്ന തലശ്ശേരി മൈസൂര്‍ റയില്‍വേ ലൈന്‍ ഒരിക്കലും പ്രാവര്‍ത്തികമാവാത്ത രീതിയിലുള്ള പ്രൊപ്പോസലുകള്‍ പഠന വിധേയമാക്കി ഈ പദ്ധതിക്ക് തുരങ്കം വെക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങാന്‍ ഇന്നലെ ഇരിട്ടിയില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇതിന്റെ ആദ്യ നടപടി എന്ന നിലയില്‍ കേന്ദ്ര റയില്‍വേ മന്ത്രിയെ കണ്ടു വിശദമായ ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ ബിഓടി വ്യവസ്ഥയില്‍ ഈ പ്രോജക്ട് പൂര്‍ത്തിയാക്കാനുള്ള പ്രൊപ്പോസലുകളും സമര്‍പ്പിക്കും.
നിലമ്പൂര്‍ നഞ്ചന്‍കോഡ്, തലശ്ശേരി മാന്തവാടി മൈസൂര്‍, തലശ്ശേരി സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ എന്നീ പാതകള്‍ ഒരിക്കലും പ്രാവര്‍ത്തികമല്ല. ഈ സാഹചര്യത്തില്‍ ദൂരം കുറഞ്ഞതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഏറെയൊന്നുമില്ലാത്തതുമായ ആക്ഷന്‍ കൗണ്‍സിലിന്റെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമുള്ള റൂട്ട് തന്നെയാണ് പ്രയോഗികമായത്. നിക്ഷിപ്ത താത്പര്യങ്ങള്‍ തള്ളിക്കളഞ്ഞു ജനപ്രതിനിധികളും സര്‍ക്കാരും ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ തയാറാവണമെന്നും യോഗത്തില്‍ പറഞ്ഞു.
ഓരോ ജനപ്രതിനിധിയും ഓരോ തരത്തില്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് ഇപ്പോള്‍ വിവിധ വിധത്തിലുള്ള സര്‍വേകള്‍ നടക്കുന്നത്. എന്നാല്‍ ആക്ഷന്‍ കൗണ്‍സില്‍ തങ്ങളുടെ സര്‍വേയിലൂടെ കണ്ടെത്തിയ തലശേരി, കൂത്തുപറമ്പ്, ശിവപുരം, പഴശ്ശി, തില്ലങ്കേരി, പായം, എടൂര്‍, കരിക്കോട്ടക്കരി, വാണിയപ്പാറ, മൈസൂര്‍ തുടങ്ങിയ റൂട്ട് മാത്രമാണ് ഏതു തരത്തില്‍ നോക്കിയാലും പ്രായോഗികം. കര്‍ണ്ണാടക സര്‍ക്കാരും ഈ ലൈനിനോട് പൂര്‍ണ്ണ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.
നിവേദനം കൊണ്ട് അനുകൂലമായ തീരുമാനം ഉണ്ടാവുന്നില്ലെങ്കില്‍ വിപുലമായ പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ യോഗം തീരുമാനിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ആക്ടിങ് ചെയര്‍മാന്‍ അഡ്വ.പി.സി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കലവൂര്‍ ജോണ്‍സണ്‍, കണ്‍വീനര്‍മാരായ പി.പി.അബ്ദുള്‍കാദര്‍, എന്‍.പി.രവീന്ദ്രന്‍, വിജയന്‍ ചാത്തോത്ത്, പായം ബാബുരാജ്, എസ്.ബാബു എന്നിവര്‍ പ്രസംഗിച്ചു.
















