ജയ്‌പൂര്‍: പാക് സൈനികരുടെ തലയറുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്ന വാഗ്ദാനവുമായി മുസ്ലിം സംഘടന. സംഘടനാപ്രവര്‍ത്തകര്‍ പിരിവിട്ട് ഈ തുക സ്വരൂപിക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഇതിലേക്ക് തുക കൈമാറാമെന്നും മുസ്ലിം യുവ ആതങ്ക്വാദ് വിരോധി സമിതി ചെയര്‍മാന്‍ ഷക്കീല്‍ സൈഫി അറിയിച്ചു.
തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്ലിം യുവ ആതങ്ക്വാദ് വിരോധി സമിതി. ദല്‍ഹിയില്‍ അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് ഷക്കീല്‍ സൈഫി ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപ താന്‍ സംഭാവന ചെയ്യുമെന്നും ഷക്കീല്‍ അറിയിച്ചു.
ഏപ്രില്‍ മുപ്പതിനാണ് അതിര്‍ത്തിയില്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാക് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ അംഗഛേദം വരുത്തി വികൃതമാക്കിയത്. പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. ബിഎസ്എഫ് ജവാനും കരസേനയിലെ പട്ടാളക്കാരനുമാണ് കൊല്ലപ്പെട്ടത്. ഒരു ബിഎസ്എഫ് ജവാന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്വയം ഭരണാധികാരം നേടുന്നതിനായുള്ള കശ്മീരി ജനതയുടെ പോരാട്ടത്തിന് പാക്ക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ സൈനിക പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായത്.
















