മലയിന്‍കീഴ്: ഭിന്നശേഷിക്കാരനായ യുവാവിനെ മലയിന്‍കീഴ് എസ്‌ഐ തല്ലിച്ചതച്ചു.വിളവൂര്‍ക്കല്‍ ആലന്തറക്കോണം ഹരിജന്‍ കോളനിയില്‍ രാധാകൃഷ്ണന്‍ (32) നെ മലയിന്‍കീഴ് എസ്‌ഐ മര്‍ദിച്ചതായി പരാതി.
ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് മലയിന്‍കീഴ് എസ്‌ഐയും സംഘവും ഭിന്നശേഷിക്കാരനായ യുവാവിനെ വീട്ടിലെത്തി പിടിച്ചു കൊണ്ട് പോയത്. പെറ്റി കേസില്‍ വാറണ്ടുള്ള രാധാകൃഷ്ണന്‍ സഹോദരന്‍ ഗിരീഷിനെ അന്വേഷിച്ചെത്തിയ പോലീസ് ഇയാള്‍ എവിടെ എന്ന് ചോദിച്ചാണ് വീട്ടില്‍ കയറിയത്. ഗിരീഷ് ഇല്ല എന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും ഇവനായാലും മതി എന്ന് പറഞ്ഞാണ് രാധാകൃഷ്ണനെ പിടിച്ചു കൊണ്ട് പോയതത്രെ. വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെയാണ് ഇയാളെ വീട്ടില്‍ നിന്നും പോലീസ് കൊണ്ടുപോയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
പുലര്‍ച്ചെ മൂന്നു മണിവരെ പോലീസ് വാഹനത്തില്‍ കറങ്ങുകയും ഗിരീഷിന്റെ വീട് കാണിച്ചു കൊടുത്തില്ലെന്ന് പറഞ്ഞു തന്നെ മര്‍ദിക്കുകയും സഹോദരനെ കാണിച്ചു കൊടുത്തില്ലെങ്കില്‍ മോഷണ കേസിലോ പെണ്ണ് കേസിലോ പ്രതി ചേര്‍ക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായും രാധാകൃഷ്ണന്‍ പറയുന്നു. നെഞ്ചിന്റെ ഇരുഭാഗത്തും മുതുകിലും ഇരുമ്പു ദണ്ഡ് ഉപയോഗിച്ചാണ് മര്‍ദിച്ചതെന്നും രാധാകൃഷ്ണന്‍ പറയുന്നു.
ആമവാതം പിടിപെട്ട് ഇരുകാലുകള്‍ക്കും തളര്‍ച്ചയുള്ള രാധാകൃഷ്ണന്‍ അപസ്മാര രോഗികൂടിയാണ്. വൃദ്ധരായ മാതാപിതാക്കളും, ഹൃദയ ശസ്ത്രക്രീയ കഴിഞ്ഞ ഭാര്യ പാര്‍വതിയും നാലര വയസുള്ള മകള്‍ക്കുമൊപ്പം ചെറ്റക്കുടിലിലാണ് രാധാകൃഷ്ണന്‍ കഴിയുന്നത്. ഈ നിര്‍ധന കുടുംബത്തിന് ആശ്രയം അസുഖ ബാധിതനായ രാധാകൃഷ്ണന്‍ വല്ലപ്പോഴും കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛവരുമാനം മാത്രമാണ്.
പ്രതിയെ കിട്ടിയില്ലെങ്കില്‍ സഹോദരനെ പിടിച്ചു കൊണ്ടു പോകുന്ന പോലീസിന്റെ പ്രാകൃത രീതിയില്‍ പ്രദേശത്ത് വ്യാപക പ്രതിക്ഷേധമുണ്ട്. എസ്‌ഐക്കെതിരെ നടപടി വേണമെന്ന് വാര്‍ഡ് അംഗം പനങ്ങോട് വിജയന്‍ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനിരിക്കുകയാണ് ഈ കുടുംബം. കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്ന രാധാകൃഷ്ണന്‍ ഇന്ന് വീണ്ടും ആശുപത്രിയില്‍ ചികിത്സതേടും.
















