ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കി അഖിലേഷ് യാദവിനെ നിയമിച്ചത് വന്‍ പിഴവായിരുന്നെന്ന് അച്ഛന്‍ മുലായംസിംഗ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം അഖിലേഷിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
കോണ്‍ഗ്രസുമായി ഉത്തര്‍പ്രദേശിലുണ്ടാക്കിയ കൂട്ടുകെട്ട് സമാജ്‌വാദി പാര്‍ട്ടിയുടെ നാശത്തിനു കാരണമായെന്നും മുലായം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് സഖ്യവുമായി മുന്നോട്ട് പോകരുതെന്ന് ഞാന്‍ അഖിലേഷിനോടു നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അഖിലേഷ് അതു മാനിച്ചില്ല. പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഞങ്ങള്‍ക്കു തന്നെയാണ്. അത് ജനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ആഗ്രഹിക്കുന്നില്ല.
തന്റെ ജീവിതം തകര്‍ക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. തനിക്കെതിരെ കേസെടുത്ത പാര്‍ട്ടിയുമായാണ് അഖിലേഷ് സഖ്യമുണ്ടാക്കിയതെന്നും മുലായം വിമര്‍ശിച്ചു.
അഖിലേഷിനെതിരേ കലാപക്കൊടിയുയര്‍ത്തിയ ശിവപാല്‍ യാദവ് കഴിഞ്ഞദിവസം പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ മുലായത്തിനു കൈമാറിയില്ലെങ്കില്‍ സെക്കുലര്‍ ഫ്രണ്ടുമായി മുന്നോട്ടു പോകുമെന്നാണ് ശിവപാലിന്റെ ഭീഷണി.
















