തിരുവനന്തപുരം: ”പുതിയ കേരളം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന് ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയും എന്നുറപ്പാണ്”. കോട്ടയത്തെ കരണം മറിച്ചിലിനെ ന്യായീകരിച്ച് സിപിഎം പത്രത്തിന്റെ മുഖപ്രസംഗം അവസാനിക്കുന്നത് അങ്ങനെയാണ്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് (മാണി) വോട്ടു നല്‍കിയതിന് സിപിഎം തൊടുന്യായങ്ങള്‍ നിരത്തുമെന്നുറപ്പായിരുന്നു. എന്നാല്‍ അതിത്രമാത്രം ദുര്‍ബലമാകുമെന്ന് ഒരു സഖാവും വിശ്വസിച്ചുകാണില്ല. ബിജെപി അതിവേഗം ശക്തി പ്രാപിക്കുമ്പോള്‍ കെ.എം. മാണിയെ ശക്തിപ്പെടുത്തുന്നതാണ് ഉത്തമമെന്ന് വിശ്വസിക്കാന്‍ സിപിഎമ്മിന് അവകാശമുണ്ട്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കണമെന്ന ബൈബിള്‍ വചനം മാണിയുടെ കാര്യത്തിലെങ്കിലും ഉണ്ടായത് നന്നായി. എന്നാല്‍ ഈ വഴി ചിന്തിക്കാന്‍ അധികാരത്തിന്റെ കിടപ്പറ പങ്കിടുന്ന സിപിഐയെ കിട്ടിയില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം.
കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റതിന് ഇന്ദിരാഭവനില്‍ നിന്നുയരുന്നു അതിനേക്കാള്‍ വലിയ വിലാപവും മുറവിളിയുമാണ് ഞങ്ങളുടെ സഹജീവികളില്‍ നിന്നുണ്ടാകുന്നു എന്നതാണ് പാര്‍ട്ടി പത്രത്തിനെ അതിശയിപ്പിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഒരു തീരുമാനമെടുത്തിരുന്നു. യുഡിഎഫിനെയും ബിജെപിയേയും തോല്‍പ്പിക്കുക എന്നതാണ് അന്നത്തെ നിലപാടിലൂന്നിയതാണത്രെ കോട്ടയത്തെ തീരുമാനം. എത്ര സുന്ദരമായ ന്യായീകരണം. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമാണല്ലോ നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. പശ്ചിമ ബംഗാളില്‍ എന്താണ് സംഭവിച്ചത് ? കോണ്‍ഗ്രസിന്റെ കയ്യില്‍ അരിവാളേല്പ്പിച്ച് അങ്കം വെട്ടിയ പാര്‍ട്ടിയാണ് സിപിഎം. അന്ന് കോണ്‍ഗ്രസിന് കിട്ടിയത്ര സീറ്റുപോലും 35 വര്‍ഷം ഭരിച്ച സിപിഎമ്മിന് പിടിക്കാന്‍ കഴിഞ്ഞില്ല.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ പലകുറി സിപിഎം ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നിട്ടും ഒരു ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തോല്‍പ്പിച്ചതില്‍ ആഹ്ലാദിക്കുന്നതിനേക്കാള്‍ അല്‍പ്പത്തം വേറെയുണ്ടോ ?
പശുവിനെക്കുറിച്ച് ഉപന്യാസമെഴുതാന്‍ പറഞ്ഞാല്‍ പശുവിനെ കെട്ടിയ തെങ്ങിനെക്കുറിച്ച് വാചാലമാകുന്നതുപോലെയാണ് സിപിഎം പത്രം നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ബിജെപിക്ക് സീറ്റില്ല. മത്സരിച്ചിട്ടുമില്ല. എന്നിട്ടും ഉന്നം ബിജെപിക്കുനേരെ ”തീവ്രഹിന്ദുത്വത്തിലൂന്നി ബിജെപി ഇന്ത്യയിലാകെ അടിച്ചേല്‍പ്പിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തിലും സ്വാച്ഛാപരമായ നടപടികളിലും രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ കടുത്ത ആശങ്കയിലാ”ണത്രെ.
മതേതരത്വത്തിനും ജനാധിപത്യത്തിനും യുപി ഇലക്ഷനുശേഷം കടന്നാക്രമണം നടത്തുന്നുപോലും. ഇതിനെ കോണ്‍ഗ്രസിനെ വെട്ടി കോട്ടയത്തെ ഒരു പാര്‍ട്ടിയെ ശക്തിപ്പെടുത്തിയത്. പറയുന്നവന് ബോധം വേണം കേള്ക്കുന്നവനൊന്നും പോവനും പൊട്ടനുമല്ലെന്ന് സഖാക്കള്‍ക്കെങ്കിലും മനസ്സിലാകുന്ന ഭാഷ പറഞ്ഞാല്‍ എന്താണാവോ കുഴപ്പം.
പ്രത്യേക ലേഖകന്‍
















