കോട്ടയം: ജില്ലാ പഞ്ചായത്തിലെ സിപിഎമ്മുമായുള്ള സഹകരണത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ഭിന്നത മൂര്‍ച്ഛിച്ചു.അതൃപ്തി പരസ്യമാക്കി ജോസഫ് വിഭാഗം രംഗത്ത് വന്നതോടെയാണ് പാര്‍ട്ടിക്കുള്ളിലെ അമര്‍ഷം മറ നീക്കിയത്. കഴിഞ്ഞ ദിവസം കെ.എം. മാണി പാലായില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്ന് പിജെ ജോസഫും മോന്‍സ് ജോസഫും വിട്ട് നിന്നത് മാണിക്കും മകന് ജോസ് കെ മാണിക്കുമുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു.
കോട്ടയത്തെ സിപിഎം ചങ്ങാത്തതിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നത തരത്തിലായിരുന്നു ഇന്നലെ പി.ജെ. ജോസഫ് സംസാരിച്ചത്. സിപിഎം ബന്ധത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം തൊടുപുഴയില്‍ തുറന്നടിച്ചു. തിങ്കളാഴ്ചത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോട്ടയത്തെ കൂട്ടുകെട്ടിനെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ടെന്ന് പറഞ്ഞ മോന്‍സ് ജോസഫ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ അസൗകര്യം മൂലമാണ് പങ്കെടുക്കാതെയിരുന്നതെന്നാണ് വ്യക്തമാക്കിയത്. ഇതോടെ തിങ്കളാഴ്ചത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നിര്ണയകമായിരിക്കുകയാണ്.
ഈ യോഗത്തില്‍ ജോസഫ് വിഭാഗം എടുക്കുന്ന നിലപാട് എന്താണെന്ന് അറിഞ്ഞതിന് ശേഷം ഭാവി നടപടികള്‍ തീരുമാനിക്കാമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി തീരുമാനിച്ചത്. കേരള കോണ്‍ഗ്രസിലെ ഭിന്നത പരമാവധി മുതലാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ഇടത് മുന്നണിയില്‍ എത്തിയിട്ടും അര്‍ഹമായ പരിഗണന ഇനിയും ലഭിക്കാത്ത ജനാധിപത്യ കേരള കോണ്‍ഗ്രസിനെക്കൂടാതെ മാണി വിഭാഗത്തില്‍ നിന്ന് ജോസഫ് വിഭാഗത്തെയും യുഡിഎഫ് പാളയത്തിലെത്തിക്കാനാണ് നീക്കം. ഇതിനിടെ, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ഭിന്നത ഇല്ലാതാക്കാന്‍ മാണി ശ്രമം ഊര്‍ജിതമാക്കി. കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. അഗസ്തിയെക്കൊണ്ട് രാജി പിന്‍വലിപ്പിച്ചിട്ടുണ്ട്. എങ്കിലും കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിലെ ഒരു വിഭാഗം നേതാക്കളും അണികളും അതൃപ്തിയിലാണ്.
കേരള കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് പി.ജെ. ജോസഫ്
തൊടുപുഴ: കോട്ടയത്തെ സിപിഎം ബന്ധത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് വ്യക്തമാക്കി. നാളത്തെ യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുമെന്നും തൊടുപുഴയില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: