ന്യൂദല്‍ഹി: രാമനവമി ദിനത്തില്‍ കലാപ സ്ഥലത്തു നിന്നും പോലീസിനെ പിന്‍വലിക്കണമെന്ന് സിവാന്‍ ജയിലില്‍ കിടക്കുന്ന മാഫിയാ തലവന്‍ മുഹമ്മദ് ഷഹാബുദ്ദീന്‍ ആര്‍ഡെജി നേതാവ് ലാലു പ്രസാദ് യാദവിന് നിര്‍ദ്ദേശം നല്‍കുന്ന ശബ്ദരേഖ പുറത്ത്. മാഫിയാത്തലവനില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിക്കുന്ന ലാലു പ്രസാദ്, എസ്പിയോട് സംഭവ സ്ഥലത്തു നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവന്നു.
അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ ചാനല്‍ റിപ്പബ്ലിക് ടിവി എക്‌സ്‌ക്ലൂസീവായാണ് ശബ്ദരേഖ പുറത്തുവിട്ടത്. ബീഹാര്‍ രാഷ്‌ട്രീയത്തെ ഇളക്കിമറിച്ച ശബ്ദരേഖ, ബീഹാറിലെ ആര്‍ജെഡി-ജെഡിയു സഖ്യത്തെയും പ്രതിരോധത്തിലാക്കി.
ജയില്‍പുള്ളിയുമായി ഫോണില്‍ സംസാരിച്ച ലാലുപ്രസാദ് യാദവ് വലിയ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍ ആരോപിച്ചു. മദ്യമാഫിയാ നേതാവായ ഷഹാബുദ്ദീന്‍ ജയിലില്‍ നിരന്തരം ഫോണ്‍ ഉപയോഗിച്ചിരുന്നതായും വിവരങ്ങള്‍ പുറത്തുവന്നു. ശബ്ദരേഖ പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ലാലുപ്രസാദ് യാദവ് നിരന്തരം തന്നെ സമീപിച്ചതായി അര്‍ണബ് ആരോപിച്ചു.
ലാലു-ഷഹാബുദ്ദീന്‍ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ ബീഹാര്‍ രാഷ്‌ട്രീയത്തിലെ ക്രിമിനലുകള്‍ക്കെതിരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിക്കണമെന്ന് ബിജെപി ദേശീയ വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. കൊലപാതകമടക്കം മുപ്പതിലേറെ കേസുകളില്‍ പ്രതിയായ ഷഹാബുദ്ദീനുമായി ലാലുപ്രസാദ് അടുത്തബന്ധം തുടരുന്നത് ന്യായീകരിക്കാനാവില്ല. ജയില്‍ പുള്ളിയുമായി ഫോണില്‍ സംസാരിച്ചത് ക്രിമിനല്‍ കുറ്റമാണ്. ലാലുവിനെതിരെ കേസെടുക്കാന്‍ നിതീഷ് കുമാര്‍ തയാറാവണം, രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
മതേതര കുടക്കീഴില്‍ ലാലുവിനെ അണിനിരത്തുന്ന മറ്റു ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്ന് ബീഹാര്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ലാലു പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുശീല്‍കുമാര്‍ മോദി ആവശ്യപ്പെട്ടു. നിതീഷ് കുമാറാണ് നടപടി സ്വീകരിക്കേണ്ടതെന്നും മോദി പ്രതികരിച്ചു.
















