തിരുവനന്തപുരം: ടി.പി സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. സർക്കാർ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെൻകുമാർ പോലീസ് ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
ബെഹ്റയിൽ നിന്ന് ബാറ്റൺ സ്വീകരിച്ച അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സെന്‍കുമാര്‍ ചുമതലയേറ്റെടുത്തത്. അധികമായ സന്തോഷമില്ലെന്ന് ടി.പി. സെൻകുമാർ പോലീസ് ആസ്ഥാനത്തേക്ക് പോകുന്നതിന് മുൻപ് പ്രതികരിച്ചു.
സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയിരുന്നു. ദൂതൻ മുഖേന ഉത്തരവ് സെൻകുമാറിന് ഉടൻ കൈമാറുകയും ചെയ്തു.
നിയമന ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഒപ്പിട്ടിരുന്നു. വൈകുന്നേരത്തോടെ കോടതിവിധിയുടെ പകർപ്പു ലഭിച്ചപ്പോൾ അതുൾപ്പെടെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. ഉത്തരവ് ഇന്നലെത്തന്നെ വേണമെന്നു സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയോടു പറഞ്ഞിരുന്നു. തുടർന്നാണു മുഖ്യമന്ത്രി ഒപ്പിട്ടത്.
ഫയൽ ഇന്നു രാവിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ എത്തി. പിന്നീട് പൊതുഭരണ വകുപ്പിലെത്തുകയും ഉത്തരവ് പുറത്തിറക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: