മലപ്പുറം: ബിജെപിക്ക് പ്രവര്‍ത്തന ഫണ്ട് നല്കിയ ഖമറുന്നീസ അന്‍വറിനെ വനിതാലീഗ് അധ്യക്ഷസ്ഥാനത്തു നിന്ന് പുറത്താക്കി. അഡ്വ. കെ പി മറിയുമ്മയ്ക്കാണ് പകരം ചുമതല. വനിതാ ലീഗിന്റെ മുഴുവന്‍ ജില്ലാ കമ്മറ്റികളും ഒരുമാസത്തിനകം പുനഃസംഘടിപ്പിക്കാനും ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ നടന്ന ലഘുചടങ്ങിലാണ് ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാറിന് ഖമറുന്നീസ തുക കൈമാറിയത്. നാടിന്റെ വളര്‍ച്ചക്കായി ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന പ്രതീക്ഷ തനിക്കുണ്ട്, അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി എനിക്ക് കഴിയുന്ന ചെറിയ ഫണ്ട് ഞാന്‍ നല്‍കുന്നുയെന്നും ഖമറുന്നീസ ചടങ്ങിന് ശേഷം പറഞ്ഞിരുന്നു. ഇത് മുസ്ലീം ലീഗില്‍ വിവാദത്തിന് തിരികൊളുത്തി.
കടുത്ത അച്ചടക്ക ലംഘനമാണ് ഡോ.ഖമറുന്നീസ നടത്തിയതെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അദ്ധ്യക്ഷ കൂടിയായിരുന്നു ഡോ.ഖമറുന്നിസ അന്‍വര്‍. സംഭവം വിവാദമായതോടെ ഖമറുന്നീസ ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മാപ്പപേക്ഷ നല്‍കിയിരുന്നു.
ബിജെപിയുടെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. വീട്ടില്‍ സാധാരണ ഫണ്ട് പിരിവിന് പലരും വരാറുണ്ട്. ഇത് പക്ഷേ ഇത്രമാത്രം വാര്‍ത്തയാകുമെന്ന് കരുതിയില്ല. തുടര്‍ന്ന് ചില മാധ്യമങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ബിജെപിയെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ നാക്കുപിഴവ്മൂലം സംഭവിച്ചതാണ്. ഇതുമൂലം പാര്‍ട്ടിക്കുണ്ടായ വിഷമത്തില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുകയും മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നും ഉറപ്പുതരുന്നുവെന്നും പറഞ്ഞിരുന്നു.
മാപ്പപേക്ഷിച്ച ശേഷവും അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അധ്യക്ഷസ്ഥാനത്ത് നീക്കാനുള്ള കാരണമായി പറയുന്നത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആണ് ഖമറുന്നീസയെ വനിതാ ലീഗ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതായുള്ള വാര്‍ത്ത കുറിപ്പ് പുറത്തിറക്കയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: