തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കുക മാത്രമല്ല വിധിയുടെ അന്തഃസത്ത അട്ടിമറിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്. കോടതിവിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നടത്തിയ സ്ഥാനചലനങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന് ആരോപിച്ചു.
അഴിമതിക്കാരനെന്ന് ഏറ്റവും അധികം ആരോപണവിധേയനായ ടോമിന് തച്ചങ്കരിയെ ഡിജിപി ആക്കാനാണ് പിണറായിയും സിപിഎമ്മും ശ്രമിക്കുന്നത്. അതിന് കളമൊരുക്കാനാണ് വിധിക്ക് വ്യക്തത വരുത്താനെന്ന പേരില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ സ്ഥാപിതതാത്പര്യങ്ങള് നടപ്പിലാക്കുന്ന സംവിധാനത്തെ ഡിജിപിക്ക് തൊട്ടുതാഴെ നിര്‍ത്താനാണ് പെട്ടെന്ന് അഴിച്ചുപണി നടത്തിയത്. ഡിജിപിയാണോ പോലീസ് ചീഫാണോ എന്ന വ്യക്തതയാണ് സര്‍ക്കാരിന് കോടതിയില്‍ നിന്ന് വേണ്ടിയിരുന്നതെങ്കില്‍ അതിന് മുമ്പ് പോലീസ് ആസ്ഥാനത്ത് എഡിജിപിയെ മാറ്റിയതെന്തിനാണെന്നും മുരളീധരന് ചോദിച്ചു.
കോടതിവിധി വന്നശേഷം വിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് കോടതിയോടും നീതിന്യായവ്യവസ്ഥയോടും ജനാധിപത്യസംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. നേരത്തെ നടന്ന ഐഎഎസ് പോരിന് സമാനമായി ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ അസ്വാസ്ഥ്യമുണ്ടാക്കി മറ്റൊരു ഐപിഎസ് പോരിനുള്ള കളമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ചെയ്യുന്നത്.
സുപ്രീംകോടതി വിധി ഇത്രയും താമസിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് മാത്രമല്ല കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണം. പിണറായിയുടെ ധാര്‍ഷ്ട്യത്തിന് കോടതിയിട്ട പിഴ ജനങ്ങളില്‍ നിന്ന് ഈടാക്കാന്‍ പാടില്ല. അത് മുഖ്യമന്ത്രി കൈയില്‍ നിന്നെടുത്തു നല്‍കണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: