കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ യുവാവിന്റെ വാട്സ് ആപ്പിലേക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് തീവ്രവാദ സംഘടനയായ ഐഎസിന്റെ സന്ദേശമെത്തി. അണങ്കൂരില്‍ ഫര്‍ണിച്ചര്‍ വ്യാപാരിയായ ഹാരിസിന്റെ വാട്സ് ആപ്പിലാണ് മെസേജ് ടു കേരള എന്ന പേരിലുള്ള ഗ്രൂപ്പ് വ്യാഴാഴ്ച രാത്രി 9.30 മണിയോടെ ആഡ് ചെയ്യപ്പെട്ടത്.
ഹാരിസ് പരിശോധിച്ചപ്പോള്‍ ഇത് അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ഐഎസിന്റെ ഗ്രൂപ്പിന്റേതാണെന്ന സംശയം ബലപ്പെട്ടു. തന്റെ അനുവാദമില്ലാതെ വാട്സ് ആപ്പില്‍ ഇങ്ങനെയൊരു ഗ്രൂപ്പ് ആഡ് ചെയ്തതിനെക്കുറിച്ച് ഹാരിസ് ചോദിച്ചപ്പോള്‍ മറുപടിയൊന്നും നല്‍കാതെ എന്തൊക്കെയോ പ്രഭാഷണങ്ങളടങ്ങിയ ഓഡിയോകളും വീഡിയോകളുമാണ് പോസ്റ്റ് ചെയ്തത്. തീവ്രവാദത്തെയും ജിഹാദിനെയും അനുകൂലിക്കുന്ന പ്രഭാഷണങ്ങളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഹാരിസ് കൊച്ചിയിലെ എന്‍ഐഎക്കും കാസര്‍കോട് ടൗണ്‍ സി.ഐക്കും പരാതി നല്കി.
ഹാരിസിന് പുറമെ മറ്റുപലരുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഐഎസ് ഗ്രൂപ്പ് ആഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഈ ഗ്രൂപ്പുകളില്‍ ആകൃഷ്ടരായി അനുകൂല സന്ദേശങ്ങള്‍ അയക്കുന്നുണ്ടോയെന്നറിയാന് പോലീസിന്റെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും സൈബര്‍ ഗ്രൂപ്പുകള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
















