ആത്മാരാമോഭവതി
”യത്ജ്ഞാത്വാ മത്തോ ഭവതി
സ്തബ്ധോ ഭവതി
ആത്മാരാമോ ഭവതി”
യഥാര്‍ത്ഥ ഭഗവത് ഭക്തി വരുമ്പോള്‍ ജ്ഞാനവും ഒഴുകിയെത്തും. ആ ജ്ഞാനം നേടിയാല്‍ ആനന്ദലഹരിയിലാറാടും. ചിലപ്പോള്‍ ശാന്തനാകും ആത്മാവില്‍ രമിച്ചുകൊണ്ടിരുന്ന് എല്ലാം മറക്കും.
മദ്യലഹരിയിലുള്ളവര്‍ ബോധമില്ലാതെയാണ് ആറാടുന്നതെങ്കില് ഭക്തിലഹരിയിലുള്ളവര് ബോധത്തോടെ വ്യക്തിത്വം ലയിച്ചുചേര്ന്നില്ലാതാകുന്ന അവസ്ഥയിലാണ് ആറാടുന്നത്.
ഭാഗവതത്തില്‍ പല സന്ദര്‍ഭങ്ങളിലും ഇത്തരം ഭക്തിയുടെ അവസ്ഥ എടുത്തുകാട്ടുന്നുണ്ട്. ഇവര്‍ ഭഗവാനെ മാത്രമേ കാണുന്നുള്ളൂ. ഭഗവാനല്ലാതെ മറ്റൊന്നിനും നിലനില്പ്പില്ലെന്നവര് അറിയുന്നു. ബാക്കിയെല്ലാം നശ്വരവും ഭഗവാന് അനശ്വരനുമാണെന്നവര്ക്കറിയാം. അതാണ് പൂന്താനം പാടിയത്
”കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുന്നേ കണ്ടിട്ടറിയുന്നിതു ചിലര്‍”
ഈ കാണുന്ന ലോകം മുഴുവന്‍ നശിക്കുന്നതാണ്. അതാണ് മഹാകവി കുമാരനാശാന് ചൊല്ലിയത്.
”ഒന്നിന്നുമില്ലനില ഉന്നതമായ കുന്നും
എന്നല്ല ആഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍”
ഇതു തിരിച്ചറിയുന്നവര്‍ക്ക് പാമ്പിന്റെ മീതെ കിടക്കാം. പാമ്പിനെ ആഭരണമാക്കാം. അതായത് അവര്‍ ജീവന്മുക്താവസ്ഥയിലായി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തി ലഭിച്ച് ഭഗവാനായി മാറി എന്ന അവസ്ഥ. പരമസായുജ്യം. എന്തിനെക്കുറിച്ചു ചിന്തിക്കുന്നോ അതായിത്തീരുന്നു.
ഇന്ന് ആധുനികശാസ്ത്രവും അംഗീകരിക്കുന്ന മനഃശാസ്ത്രതലം. ആരാകാനാണോ ആഗ്രഹിക്കുന്നത് ആ ആഗ്രഹം തീവ്രമാകുമ്പോള്‍ തലച്ചോര്‍ അതിനനുസൃതമായി ന്യൂറോണുകളെ സൃഷ്ടിച്ച് പ്രത്യേക പാതകളൊരുക്കി നാഡീവ്യൂഹങ്ങളെ സജ്ജമാക്കി അതുവഴി ശരീരത്തിലെ മസിലുകളെ അതിനനുസൃതമായി പ്രവര്‍ത്തിപ്പിക്കുന്നു. അതുതന്നെയാണ് ഡോ. അബ്ദുള്‍കലാം, നമ്മുടെ മുന്‍ രാഷ്ട്രപതി കേരളത്തില്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത് ”കുട്ടികളെ നിങ്ങള്‍ സ്വപ്നം കാണാന്‍ പഠിക്കുവിന്‍.” അദ്ദേഹം ഒന്നുകൂടി പറഞ്ഞു.
”ഉറങ്ങിക്കിടക്കുമ്പോള്‍ കാണുന്നതല്ല യഥാര്‍ത്ഥ സ്വപ്നം, ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്നതാണ്” ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നം ഐപിഎസ് ഓഫീസറാകാനാണെങ്കില് അതായിത്തീരുന്നു. ഭഗവാന് തന്നെ ആകാനാണെങ്കില്‍ ഭഗവാന് തന്നെയാകും. സാരൂപ്യ സായുജ്യങ്ങള് കരഗതമാകും. പക്ഷെ ആ തലത്തില്‍ എനിക്കായി ഒന്നുംവേണ്ട, എല്ലാം എന്റെ ഭഗവാന്റെ. ഞാനും ആ ഭഗവാന്റെ തന്നെ. അതിനാല്‍ ഞാന്‍ എന്ന ഭാവത്തിന് അസ്ഥിത്വമില്ല. ഭഗവാന് മാത്രമേ ഉള്ളൂ.
അതാണ് ഹരിനാമകീര്‍ത്തനത്തില്‍ പാടിയത് ”ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ മനസി നാരായണായ നമഃ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: