കോഴിക്കോട്: മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത് ജലമലിനീകരണം കൊണ്ടല്ലെന്ന് സിഡബ്ല്യുആര്‍ഡിഎമ്മിന്റെ പരിശോധനാ റിപ്പോര്‍ട്ട്. എന്നാല്‍ ചിറയിലെ ജലത്തില്‍ ബാക്ടീരിയയുടെയും പിഎച്ചിന്റെയും അളവ് കൂടുതലായിട്ടുണ്ടെങ്കിലും ഇത് മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നതിന് കാരണമല്ലെന്നാണ് റിപ്പോര്‍ട്ട്. സിഡബ്ല്യുആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.എസ്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് സിഎംഎഫ്ആര്‍ഐ വെറ്ററിനറി പത്തോളജിസ്റ്റ് ഡോ. കൃപേഷ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം മീനിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കെടുത്തു.
സാമ്പിള്‍ കൊച്ചിയിലെ സിഎംഎഫ്ആര്‍ഐ ലാബിലേക്ക് അയച്ചു. ജീവനുള്ള മത്സ്യങ്ങളെയാണ് പരിശോധനയ്ക്കായി സംഘം എടുത്തിട്ടുള്ളത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ എട്ടുദിവസമെടുക്കുമെന്ന് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞന് ഡോ. പി.കെ. അശോകന് പറഞ്ഞു. ഈ പരിശോധനയിലൂടെ മാത്രമേ മത്സ്യത്തിന് എന്തുതരം അസുഖമാണ് പിടിപെട്ടെതെന്ന് കണ്ടെത്താന്‍ സാധിക്കുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ഇപ്പോള്‍ കുറഞ്ഞതായാണ് സംഘത്തിന്റെ വിലയിരുത്തല്‍.
ചൊവ്വാഴ്ച മാനാഞ്ചിറയുടെ സെക്യൂരിറ്റി ജീവനക്കാരാണ് കുളത്തിന്റെ പല ഭാഗത്തും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് കണ്ടെത്തിയത്. വിവരം കോര്‍പറേഷനില്‍ അറിയിച്ചതിനെതുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി ചത്ത മത്സ്യങ്ങളെ നീക്കി. തുടര്‍ന്ന് കോര്പറേഷന് സിഡബ്ലുആര്ഡിഎമ്മിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മാനാഞ്ചിറയിലെ വെള്ളം കുടിവെള്ള ആവശ്യത്തിന് പമ്പ് ചെയ്യുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.
പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇവിടെ നിന്നും പമ്പിംഗ് പുനരാരംഭിക്കുകയുള്ളു. ജപ്പാന് കുടിവെള്ള പദ്ധതിയുടെ ബേപ്പൂര്‍, ചെറുവണ്ണൂര്‍ ടാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നും നീലച്ചിറയില് നിന്നുമാണ് നഗരസഭാ പരിധിയിലേക്കുള്ള വെള്ളമെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: