കൊല്ലം: ശേഖരിക്കുന്ന ഫണ്ടുകള്‍ സംഘടനയില്‍ എത്തുന്നില്ലെന്ന് ദളിത് ക്രൈസ്തവസംഘടനയായ കൗണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍സ്. സംഘടനയുടെ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
സംസ്ഥാനതലത്തില്‍ നിശ്ചയിച്ച് നടപ്പാക്കിയ ഫണ്ട് ശേഖരണത്തിലൂടെ സമാഹരിച്ച 25 ലക്ഷം രൂപ എങ്ങോട്ടുപോയെന്ന് വ്യക്തതയില്ല. ഏപ്രില്‍ 29 വരെയും ഒരു രൂപ പോലും സംസ്ഥാനകമ്മിറ്റിക്ക് എത്തിയിട്ടില്ല. ഫണ്ട് ശേഖരണത്തിനായി പോസ്റ്ററും കൂപ്പണും നോട്ടീസും അച്ചടിക്കാന്‍ തന്നെ 45000 രൂപ ചിലവായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇങ്ങനെയാണെങ്കില്‍ സംഘടനയുടെ പ്രവര്‍ത്തനം എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം ഇടതുസര്‍ക്കാരില്‍ നിന്നും നേടിയെടുക്കാന്‍ സംഘടനയിലെ ചില ഭൈമികാമുകന്മാര്‍ തടസം നില്‍ക്കുകയാണെന്നും സൂചിപ്പിക്കുന്നു.
കൊല്ലം ക്രേവണ്‍ സ്‌കൂളില്‍ നടക്കുന്ന രണ്ട് ദിവസത്തെ സംസ്ഥാനസമ്മേളനം ഇന്നലെ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയാണ് ഉദ്ഘാടനം ചെയ്തത്. ഡോ.സൈമണ്‍ ജോണ്‍ അധ്യക്ഷനായിരുന്നു.
















