കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പി.ടി.തോമസ് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുയവേയാണ് മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിച്ചത്.
വാര്‍ക്ക കമ്പി, പലകകഷ്ണം, വെട്ടുകത്തി, തുണിചുറ്റിയ പൈപ്പ് എന്നിവയാണ് കണ്ടെത്തിയത്. ഇത് ആരാണ് ഇവിടെ കൊണ്ടുവന്നതെന്ന് അന്വേഷണം നടന്നുവരികയാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പ്രശസ്തമായ കോളജിനെ മോശമാക്കി കാണിക്കാന്‍ ശ്രമിക്കരുത്- മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്നും സബ്മിഷന് പോരായിരുന്നോ എന്ന് സ്പീക്കറും ചോദിച്ചു.
കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തിരുന്നു. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഒന്നാം നിലയിലെ 14-ാം നമ്പര്‍ മുറിയില്‍ നടത്തിയ പരിശോധനയിലാണ് പോലീസിന് ആയുധങ്ങള്‍ ലഭിച്ചത്. അവധിയെത്തുടര്‍ന്ന് കോളേജ് ഹോസ്റ്റല്‍ അടച്ചതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് താമസിക്കാന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ മൂന്ന് മുറികള്‍ തുറന്നുകൊടുത്തിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയെത്തുടര്‍ന്നാണ് സെന്‍ട്രല്‍ പോലീസ് കോളേജിനുള്ളില്‍ പരിശോധന നടത്തിയത്.
ഇതിനിടെ കോളേജില്‍ പോലീസ് പരിശോധന നടത്തുന്നത് അറിഞ്ഞ് എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനോട് തട്ടിക്കയറി. എസ്എഫ്ഐയുടെ സ്വാധീനത്തിലുള്ള കോളേജില്‍ നിന്ന് പോലീസ് കയറി ആയുധങ്ങള്‍ പിടിച്ചെടുത്തതാണ് എസ്എഫ്ഐക്കാരുടെ പ്രേകാപനത്തിന് കാരണം.
നേരത്തെ കോളേജ് ഭിത്തിയില്‍ അശ്ലീലച്ചുവയുള്ള വാചകങ്ങള്‍ എഴുതിയതിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ എസ്എഫ്ഐക്കാര്‍ പ്രിന്‍സിപ്പലിന്റെ കസേര ചുട്ടെരിച്ചിരുന്നു. കോളേജിലെ ചില ഇടത് സംഘടനാ അധ്യാപകരുടെ പിന്തുണയോടെയായിരുന്നു ഇത്.
















