കൊല്ലം: സാമൂഹ്യഅസമത്വങ്ങള്‍ക്കെതിരെ സമരം ചെയ്ത യുഗപുരുഷനാണ് ശ്രീനാരായണ ഗുരുദേവനെന്നും അദ്ദേഹത്തെ ആഴത്തില്‍ മനസിലാക്കണമെന്നും സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. കൊല്ലം സംബോധ് ഫൗണ്ടേഷന്റെ ദൈവദശകത്തെ അധികരിച്ചുള്ള സത്‌സംഗത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി.
മാനവികതയുടെ പ്രശ്‌നങ്ങള്‍ക്ക് ദാര്‍ശനിക അവബോധത്തില്‍ ഊന്നി നിന്നുകൊണ്ട് പരിഹാരം കണ്ട മഹാമനീഷിയായിരുന്ന ശ്രീനാരായണ ഗുരുദേവന്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക്, ധാര്‍മ്മിക-സാംസ്‌കാരിക-രംഗത്ത് ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ദൂഷ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാനാകും. ഗുരുദേവ കൃതികളില്‍ ലളിതവും അതേസമയം അര്‍ത്ഥഗാംഭീര്യം പുലര്‍ത്തുന്നതുമായ കൃതിയാണ് ദൈവദശകം. കാരുണ്യവാരിധിയായ തമ്പുരാനോട് കൃതജ്ഞത പ്രകാശിപ്പിക്കാന്‍ ഈ കൃതി ആഹ്വാനം ചെയ്യുന്നു. ഒപ്പം ഈശ്വരചിന്ത ദാര്‍ശനികമായി എത്രത്തോളം സമഗ്രമാക്കാമെന്ന് ഈ രചനയിലൂടെ ഗുരുദേവന്‍ നമുക്ക് വ്യക്തമാക്കിതരുന്നു. ജീവിതത്തിന്റെ ലക്ഷ്യം എന്തായിരിക്കണമെന്ന് ചര്‍ച്ചയ്‌ക്കും തിരിച്ചറിവിനും ദൈവദശകം മാര്‍ഗദര്‍ശനം നല്‍കുന്നുണ്ടെന്നും സ്വാമി ചൂണ്ടിക്കാട്ടി. കൊട്ടാരക്കുളം ശ്രീമഹാഗണപതി ക്ഷേത്രത്തിന് സമീപം കൃഷ്ണകൃപയില്‍ എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 7 വരെ നടക്കുന്ന സത്‌സംഗം ഏഴിന് സമാപിക്കുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി കല്ലൂര്‍ കൈലാസ്‌നാഥ് അറിയിച്ചു.
















