കണ്ണൂര്‍: ആധാരം രജിസ്ട്രേഷന് ഫീസ് അടയ്ക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഇതുവരെ നേരിട്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ അടച്ചു കൊണ്ടിരുന്ന രജിസ്ട്രേഷന് ഫീസാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ട്രഷറികളില്‍ അടക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. എന്നാല്‍ ട്രഷറികളില്‍ പണമടക്കേണ്ടതും അവിടെവെച്ച് ടോക്കണ്‍ കൈപ്പറ്റി മാത്രമേ രജിസ്ട്രേഷന് സാധ്യമാകുവെന്നതുമാണ് സാധാരണക്കാര്‍ക്ക് ഏറെ ദുരിതമായിരിക്കുന്നത്.
എല്ലാ രജിസ്ട്രാഫീസ് പരിധിയിലും ട്രഷറി ഓഫീസുകള്‍ ഇല്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം ട്രഷറികളിലെത്തി പണമടക്കാന്‍. ട്രഷറികളിലാണെങ്കില് മാസത്തിന്റെ ആദ്യദിവസങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടാറുളളത്. ഇതിനിടയില്‍ ക്യൂനിന്ന് വേണം പണമടക്കാന്‍. അതിനാല്‍ത്തന്നെ ഒരു ദിവസം മുഴുവന്‍ പണം അടച്ച് ചലാന്‍ കൈപ്പറ്റാന്‍ വിനിയോഗിക്കേണ്ടി വരികയാണ്. ഇതു കൊണ്ടുതന്നെ രജിസ്ട്രേഷന് ചെയ്യാന്‍ ഉദ്ദേശിച്ച ദിവസങ്ങളില്‍ രജിസ്ട്രേഷന് നടക്കാതിരിക്കുകയാണ്. ഇത്തരത്തില്‍ കാലതാമസം നേരിടുന്നത് കാരണം പലവിധത്തിലുളള കഷ്ടനഷ്ടങ്ങളാണ് ജനങ്ങള്‍ക്കുണ്ടാകുന്നത്.
രജിസ്ട്രേഷനു വേണ്ടി രജിസ്ട്രാര്‍ ഓഫീസുകളിലെത്തുന്ന പ്രായമേറിയവരും സാധാരണക്കാരുമാണ് ഇത്തരം പരിഷ്കാരം കാരണം ഏറെ ദുരിതമനുഭവിക്കുന്നത്. സമ്പന്നര്‍ സ്വന്തം വാഹനങ്ങളിലും മറ്റും ട്രഷറികളിലെത്തി പണമടച്ച് വേഗത്തില്‍ കാര്യസാധ്യം നേടുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറമുളള ട്രഷറികളിലെത്തി പണമടച്ച് ടോക്കണുമായി രജിസ്ട്രോഫീസിലെത്തി മണിക്കൂറുകള്‍ രജിസ്ട്രേഷന് നടപടികള്‍ക്കായി കാത്തുകെട്ടിക്കിടക്കേണ്ട സ്ഥിതിയാണ്.
രജിസ്ട്രോഫീസുകളെ അഴിമതിരഹിതമാക്കാന്‍ വേണ്ടി കൊണ്ടുവന്ന ഇത്തരം പരിഷ്കാരം കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമില്ലെന്നു മാത്രമല്ല സര്‍ക്കാരിനും യാതൊരു ഗുണവുമില്ലാത്ത സ്ഥിതിയാണ്. നേരത്തെ രജിസ്ട്രോഫീസുകളില്‍ അടച്ചിരുന്ന ഫീസ് ട്രഷറികളില്‍ അടച്ചു തുടങ്ങിയിട്ട് ആഴ്ചകളായി. എന്നാല്‍ രജിസ്ട്രേഷന് ഇനത്തില്‍ അടച്ച മുഴുവന്‍ തുകയും രജിസ്ട്രേഷന് വകുപ്പിന്റെ അക്കൗണ്ടുകളില്‍ എത്താത്തതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് രജിസ്ട്രാഫീസുകളില്‍ നിന്നും ട്രഷറിയില്‍ പണമടക്കാന്‍ നിര്‍ദ്ദേശിച്ച ദിവസം മുതലുളള കണക്കുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന പുരോഗമിക്കുകയാണ്.
ഫീസ് ട്രഷറിയില്‍ അടച്ചതു കൊണ്ടു മാത്രം രജിസ്ട്രാര്‍ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനാവില്ലെന്നതാണ് വസ്തുത. കാരണം രജിസ്ട്രാര്‍ ഓഫീ സിലെ ജീവനക്കാര്‍ക്ക് കൈക്കൂലിയായി ലഭിക്കുന്ന പണം ആധാരം എഴുത്തുകാര്‍ വഴിയാണ് കൈപ്പറ്റുന്നത്. ഇവ ഇപ്പോഴും മുറപോലെ ഒരു ആധാരത്തിന് ഇത്രപൈസ എന്ന രീതിയില്‍ വൈകുന്നേരം 5 മണിക്ക് ശേഷം മിക്ക രജിസ്ട്രാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും ലഭിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ട്രഷറി വഴി പണമടക്കുന്നതിലൂടെ ഒരു രൂപപോലും അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുന്നുമില്ല. ഇത്തരത്തില്‍ പൊതുജനത്തിനും സര്ക്കാ രിനും യാതൊരു ഉപകാരവും ഇല്ലാത്ത തുഗ്ലക്ക് മോഡല്‍ പരിഷ്കാരം എന്തിനാണെന്ന ചോദ്യം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: