കണ്ണൂര്‍: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായുണ്ടാക്കിയ കൂട്ടുകെട്ട് സംബന്ധിച്ച് സിപിഎം നേതൃത്വം നയം വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യക്തമായ ലക്ഷ്യത്തോടെയാണ് സിപിഎം ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസുമായി ചില നീക്കുപോക്കുകള്‍ ഇതുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയിട്ടുണ്ട്. കെ.എം.മാണിയുടെ പേരിലുളള ബാര്‍കോഴ കേസുള്‍പ്പെടെയുളള കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായതായി സംശയിക്കേണ്ടിയിരിക്കുന്നു. വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ്ബ് തോമസിനെപ്പോലും മാറ്റിയത് ബാര്‍കോഴക്കേസില്‍ നിന്നും കെ.എം.മാണിയെ രക്ഷിക്കാനാണെന്ന് പുതിയ പശ്ചാത്തലത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു.
അവസരവാദമാണ് സിപിഎം നടപടി.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഏറ്റവും വലിയ അഴിമതിക്കാരനെന്ന് ചൂണ്ടിക്കാട്ടി കെ.എം.മാണിയെ വേട്ടയാടിയ അതേ സിപിഎമ്മാണ് ഇപ്പോള്‍ മാണിയുടെ കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിനുണ്ടായിരിക്കുന്ന ചാഞ്ചാട്ടം ജനങ്ങളുടെ മുമ്പില്‍ തുറന്നു പറയാന്‍ നേതൃത്വം തയ്യാറാവണം. മാണി അധികാരത്തിന്റെ അപ്പകഷണങ്ങള്‍ നുണയാനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്.
യുഡിഎഫിനൊപ്പം നിന്ന് നേടിയെടുത്ത സ്ഥാനമാനങ്ങള്‍ രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ രാജിവെച്ചൊഴിയാന്‍ മാണിയും മകനും പാര്‍ട്ടിയുടെ മറ്റ് നേതാക്കളും തയ്യാറാവണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് വിട്ട മാണിയെ കൂടെകൂട്ടാന്‍ മുന്നണിയിലെ ചില നേതാക്കള്‍ നിരന്തരം നടത്തിയ ശ്രമങ്ങള്‍ സംഘടനക്ക് ദോഷം ചെയ്തതായും മേലില്‍ ഒരിക്കലും കേരള കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കരുതെന്നും ഡീന്‍കുര്യക്കോസ് പറഞ്ഞു.
















