കൊച്ചി: പോലീസിലെ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും അതേച്ചൊല്ലിയുള്ള വിവാദങ്ങളും ശക്തമായിരിക്കെ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ട്വിറ്റര്‍ കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘നമുക്കെന്നെങ്കിലും ശരിയായ സ്ഥാനക്കയറ്റ നടപടിയുണ്ടാകുമോ?’ എന്ന് കാനഡ പോലീസ് മുന്‍ കമ്മീഷണര്‍ ക്രിസ് ഡി. ലവിസിന്റെ ലേഖനം ഉദ്ധരിച്ചാണ് ട്വീറ്റ്.
ജേക്കബ് തോമസിന്റെ വിമര്‍ശനം ഇങ്ങനെ: ‘അയോഗ്യതയുടെയും കൃത്യനിര്‍വഹണ വീഴ്ചയുടെയും പരമാവധി തലത്തിലേക്കുള്ള സ്ഥാനക്കയറ്റം!’ എന്ന്.
പോലീസ് തലപ്പത്തെ മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ മുഴുവന്‍ സ്ഥാനക്കയറ്റത്തെയും വിമര്‍ശിക്കുന്നതാണ് ഈ അഭിപ്രായം. ക്രിസ് ലവിസിനെ പിന്താങ്ങുകവഴി അദ്ദേഹത്തിന്റെ ചിന്തകളേയും നിലപാടുകളേയും ശരിവെക്കുകയാണ് ജേക്കബ് തോമസും. ലിങ്ക്ഡ് ഇന്‍ വെബ്സൈറ്റിലാണ് ലവിസിന്റെ ലേഖനം. ‘നെവര്‍ സ്റ്റോപ്പ് ഓണ്‍ എ ഹില്‍’ തുടങ്ങി ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ് ലവിസ്.
”ലോകത്തേതെങ്കിലും ഏജന്‍സിയോ കമ്പനിയോ, ഭൂരിപക്ഷം പേരേയും തൃപ്തിപ്പെടുത്തുന്ന സ്ഥാനക്കയറ്റ നടപടി കൈക്കൊണ്ടിട്ടുണ്ടോ? ഞാനിന്നുവരെ കേട്ടിട്ടില്ല,” എന്നു തുടങ്ങുന്ന ദീര്‍ഘ ലേഖനം വിവിധ വിലയിരുത്തലുകളും പഠനറിപ്പോര്‍ട്ടുകളും ഉദ്ധരിച്ചുള്ളതാണ്. ”… കഴിവ്, അറിവ്, നിയമനിര്‍മ്മാണ ജ്ഞാനം, നയം, നിയന്ത്രണവൈഭവം, ആശയ വിനിമയ ശേഷി, സഹപ്രവര്‍ത്തകരോട് നല്ല സമീപനം, ഒപ്പമുള്ളവര്‍ക്ക് വിശ്വസ്തനായിരിക്കല് തുടങ്ങിയവ പരിഗണിച്ചുള്ള സ്ഥാനക്കയറ്റ തീരുമാനം എവിടെയെങ്കിലും എടുത്തതായി അറിയില്ല, ” ലവിസ് എഴുതുന്നു.
വ്യക്തിചരിത്രം, പരീക്ഷകള്‍, അഭ്യാസങ്ങള്‍, വാക് ചാതുരി, ഇന്റര്‍വ്യൂ സമിതിയിലെ പ്രകടനം, 360 വിലയിരുത്തല്‍, സ്വകാര്യ ഫയല്‍ നിരൂപണം തുടങ്ങിയവയാണ് സ്ഥാനക്കയറ്റത്തിന്റെ മാനദണ്ഡം. പരാജയപ്പെട്ട 82 മുഖ്യ കാര്യ നിര്‍വാഹകരെ (സിഇഒ) പഠിച്ചപ്പോള്‍ ആ പണിക്ക് യോഗ്യരല്ലാത്തതവരാണെന്നു കണ്ടെത്തിയതുള്‍പ്പെടെയുള്ള വിവരണങ്ങളും ലവിസ് വിവരിക്കുന്നു. ജേക്കബ് തോമസിന്റെ ട്വീറ്റിന് ആനുകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: