തിരുവനന്തപുരം : കന്നഡ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിച്ചുകൊണ്ടാണ് സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലയാളം നിര്ബന്ധമാക്കുമ്പോള്ത്തന്നെ കന്നഡ ബോധന മാധ്യമമായി തുടരും. കന്നഡ ഭാഷയ്ക്കുള്ള പ്രാധാന്യം ഒട്ടും കുറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള കന്നഡ ഭാഷാ ന്യൂനപക്ഷ സംഘടനകളുടെ പ്രതിനിധികള്‍ക്കാണ് മുഖ്യമന്ത്രി ഈ ഉറപ്പുനല്‍കിയത്. മലയാളം രണ്ടാം ഭാഷയായി ഒന്നാം ക്ലാസ് മുതലാണ് അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നത്. പത്തുവര്‍ഷം കൊണ്ടേ എല്ലാ ക്ലാസിലും മലയാളം നിര്‍ബന്ധമാകൂ. കാസര്‍കോട് ജില്ലയില്‍ കന്നഡ മാതൃഭാഷയായുള്ള സ്കൂളുകളില്‍ കുട്ടികള്‍ മൂന്നും നാലും ഭാഷ പഠിക്കേണ്ട സ്ഥിതിയുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിവേദക സംഘത്തില്‍ ഒ.രാജഗോപാല്‍, എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, എം.രാജഗോപാല്‍ എന്നീ എംഎല്‍എമാരും ബിജെപി കാസര്‍ഗോഡ് ജില്ലാപ്രസിഡന്റ് ശ്രീകാന്തും ഉണ്ടായിരുന്നു.
















