കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും മറ്റു കേന്ദ്രങ്ങളിലും പഞ്ചിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് ഇടതു സിന്‍ഡിക്കേറ്റും ഇടത് അദ്ധ്യാപക-അനധ്യാപക സംഘടനകളും ചേര്‍ന്ന് അട്ടിമറിച്ചു.
പഞ്ചിംഗ് നടപ്പാക്കാനുള്ള വൈസ് ചാന്‍സലറുടെ തീരുമാനം കഴിഞ്ഞ ജനുവരിയില്‍ നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍. ഇടതുപക്ഷത്തിനു മുന്‍തൂക്കമുള്ള സിന്‍ഡിക്കേറ്റംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് വിഷയം പഠിക്കാനായി പ്രൊഫ. കെ.കെ. വിശ്വനാഥന് കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. ഉപസമിതിയും പഞ്ചിംഗ് നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്തു. ഇതേത്തുടര്‍ന്ന് പഞ്ചിംഗ് നടപ്പാക്കാന്‍ സര്‍വകലാശാല ഉത്തരവിറക്കി. എന്നാല്‍, മാര്‍ച്ച് 18ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ സര്‍വകലാശാലാ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സിന്‍ഡിക്കേറ്റ് യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളായ രണ്ട് ഗവ. സെക്രട്ടറിമാരും ടി.വി. രാജേഷ് എംഎല്‍എയും പങ്കെടുത്തില്ല. ഇത് ഇടതു സംഘടനകളുടെ സമ്മര്ദ്ദഫലമായിട്ടാണെന്നാണ് ആരോപണം. ഇവര്‍ പങ്കെടുത്താല്‍ സര്‍ക്കാരിന്റെയും വൈസ് ചാന്‍സലറുടെയും പഞ്ചിംഗിനെ സംബന്ധിച്ച തീരുമാനം നടപ്പിലാക്കേണ്ടി വരുമായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളുടെ അഭാവത്തില്‍ കോടതിയുടെ പരിഗണനയിലുള്ളചില അനധികൃത നിയമനങ്ങള്‍ക്ക് ഈ സിന്‍ഡിക്കേറ്റ് അംഗീകാരം നല്കിയതിലുംദുരൂഹതയുണ്ടെന്ന് ആരോപണമുയരുന്നുണ്ട്.
സംസ്ഥാനത്തെ പ്രധാന സര്‍വകലാശാലകളിലെല്ലാം തന്നെ പഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കുമ്പോഴാണ് സംസ്കൃത സര്‍വകലാശാലയിലെ ഈ അവസ്ഥ. കേന്ദ്രസര്‍ക്കാറിന്റെ വിവിധ പദ്ധതിയില്‍പ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം 20കോടി രൂപയോളം രൂപ സര്‍വ്വകലാശാലയ്ക്ക് പഞ്ചിംഗ് ഉള്‍പ്പെടെയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്.
















