ന്യൂദല്‍ഹി: മുസ്ലിം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കണ്ടില്ലെന്നു നടിച്ച് മൂന്നുവട്ടം തലാഖിനെ ശക്തമായി ന്യായീകരിച്ച് മുസ്ലിം വ്യക്തി നിയമ സമിതി. ദേശീയ നിയമ കമ്മീഷനു നല്‍കിയ കത്തിലാണ് മുസ്ലിം വ്യക്തിനിയമ സമിതിയുടെ നിലപാട്.
ഏകീകൃത പൊതുനിയമത്തെക്കുറിച്ച് വിവിധ വിഭാഗങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് അഭിപ്രായം തേടിയത്.
ഇസ്ലാമിക നിയമങ്ങളില്‍ പൂര്‍ണ സംതൃപ്തിയാണുള്ളതെന്ന് സമിതി വ്യക്തമാക്കുന്നു. വിവാഹം, തലാഖ്, പാരമ്പര്യം തുടങ്ങിയവയിലൊന്നും അതൃപ്തിയില്ല. ഈ നിയമങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. സ്വന്തം വിശ്വാസം പിന്തുടരാന്‍ ഭരണഘടന സമ്പൂര്‍ണ അധികാരം നല്‍കുന്നു. ഏകീകൃത വ്യക്തി നിയമം അംഗീകരിക്കാനാകില്ല, സമിതി തുടര്‍ന്നു.
മുസ്ലിം ശരിഅത്ത് നിയമം തുടരണമെന്നാവശ്യപ്പെട്ടുള്ള അവകാശപത്രികയില്‍ നാലു കോടി മുസ്ലിങ്ങള്‍ ഒപ്പിട്ടു നല്‍കിയെന്നും ഇവര്‍ അവകാശപ്പെടുന്നു. ഈ പത്രികയുടെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനും അയയ്‌ക്കാന്‍ ഒപ്പിട്ട ഓരോരുത്തരോടും ആവശ്യപ്പെട്ടുവെന്നും സമിതി വ്യക്തമാക്കി.
















